
കോഴിക്കോട്: റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് ഇൻസ്പെക്ടറുടെ ക്വാർട്ടേഴ്‌സിനുസമീപം നിർത്തിയിട്ടിരുന്ന കാർ മോഷണം പോയി. ജനുവരി 20-ന് രാത്രി 9.30-ന് കാർ കളവുപോയിട്ടുണ്ടാകാമെന്നാണ് പ്രാഥമികനിഗമനം.
റെയിൽവേ സ്റ്റേഷനിലുള്ള സ്വകാര്യ പാർക്കിങ് മേഖലയ്ക്കും ആർ.പി.എഫ്. 139 എ നമ്പർ ക്വാർട്ടേഴ്സിനും സമീപത്തായി നിർത്തിയിട്ടതായിരുന്നു കാർ. പഴയവാഹനമായതിനാൽ വിൽപ്പനയ്ക്കുവേണ്ടി ഇൻസ്പെക്ടറുടെ നിർദേശപ്രകാരം അവിടെ നിർത്തിയിട്ടതായിരുന്നു.
കോഴിക്കോട് ആർ.പി.എഫ്. മുൻ ഇൻസ്പെക്ടർ ബിഹാർ പട്‌ന സ്വദേശി ഉപേന്ദ്രകുമാറിന്റെ കാറാണ് മോഷ്ടിച്ചത്. പലരും കാർ വാങ്ങാനായി വന്നുനോക്കുകയും ഓടിക്കുകയും ചെയ്തുകൊണ്ടിരുന്നതിനാൽ, താക്കോൽ കാറിനുള്ളിൽത്തന്നെ വെച്ചതായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കളായ മൂന്നംഗസംഘം കാർ പുറത്തേക്ക് കൊണ്ടുപോകുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടഞ്ഞിരുന്നു. കാർ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചപ്പോൾ ഇത് ആർ.പി.എഫ്. ഇൻസ്പെക്ടറുടെ കാറാണെന്നും പഴയതായതുകൊണ്ട് വിൽപ്പനയ്കോ അതല്ലെങ്കിൽ പൊളിച്ചുവിൽക്കാനോവേണ്ടി തങ്ങളെ ഏൽപ്പിച്ചതാണെന്നും കാർ ഓടിച്ച യുവാവ് പറയുകയും ചെയ്തു.
ഇത് വിശ്വസിച്ച സുരക്ഷാജീവനക്കാരൻ പാർക്കിങ് മേഖലയിൽനിന്ന് കാർ കൊണ്ടുപോകാൻ അനുമതിനൽകുകയായിരുന്നു. എന്നാൽ പിന്നീടാണ് കാർ മോഷ്ടാക്കൾ കൊണ്ടുപോയതാണെന്ന് സെക്യൂരിറ്റി ജീവനക്കാരൻ തിരിച്ചറിഞ്ഞത്. കോയമ്പത്തൂരിൽ സേവനമനുഷ്ഠിക്കുന്ന ഉപേന്ദ്രകുമാർ ഞായറാഴ്ച ഇതുസംബന്ധിച്ച് പരാതിനൽകി.



