
വന്ദേഭാരത് സ്ലീപ്പറിൽ മെനു പരിഷ്‌കരിച്ച് ഐആർസിടിസി. കൊൽക്കത്തയിലെയും അസമിലെയും രുചികളടങ്ങിയ വിഭവങ്ങളുമായി ഹൗറ-കാമാഖ്യാ വന്ദേഭാരത് സ്ലീപ്പർ ജനുവരിയിൽ സർവീസ് തുടങ്ങിയിരുന്നു. വന്ദേഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ പതിപ്പാണ് ഹൗറയ്ക്കും കാമാഖ്യയ്ക്കും (ഗുവാഹാട്ടി) ഇടയിൽ യാത്ര ആരംഭിച്ചത്.
ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ അസ്സമീസ് വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും അടക്കം യാത്രക്കാർക്ക് പ്രാദേശിക വിഭവങ്ങളും ട്രെയിനിൽ ലഭ്യമാക്കിയിരുന്നു.
ഇപ്പോഴിതാ മെനു പരിഷ്‌കരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). യാത്രക്കാർക്കായി പരിഷ്‌കരിച്ച ഭക്ഷണ ഓപ്ഷനുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അവതരിപ്പിച്ചത്. ഇതനുസരിച്ച് യാത്രക്കാർക്കിപ്പോൾ വെജ്, നോൺ-വെജ് ഭക്ഷണങ്ങൾ ലഭ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിഷ്‌കരിച്ച മെനു അനുസരിച്ച്, 27575 ഹൗറ-കാമാഖ്യാ ട്രെയ്‌നിൽ നെയ്‌ച്ചോറ്, ബസന്തി പുലാവ്, ഗ്രീൻപീസ് പുലാവ് എന്നിവയ്‌ക്കൊപ്പം പറാത്ത, ചോള ദാൽ, ഭജ മൂംഗ് ദാൽ, മിക്‌സഡ് ദാൽ തുടങ്ങിയ വിവിധ തരം ദാൽ വിഭവങ്ങളും പ്രതീക്ഷിക്കാം.
വെജിറ്റേറിയൻ വിഭവങ്ങളിൽ ആലു ഗജർ മേത്തി മാറ്റർ ഭജ, ആലു ഗോബി കടായിസൂട്ടി ഭജ, ഝുരി ആലു ഭജ എന്നിവ ഉൾപ്പെടുന്നു. വെജിറ്റേറിയൻ വിഭവങ്ങളിൽ പ്രധാനമായും മാറ്റർ പനീർ, ചനാർ ദാൽന, ധോക്കർ ദാൽന എന്നിവ ഉൾപ്പെടുന്നു.
നോൺ-വെജിലാകട്ടെ, ബംഗാളി ചിക്കൻ കറി, മുർഘ് രോഗിണി, മുർഗിർ ഝോൾ എന്നിവ ഉൾപ്പെടുന്നു. ഡിസർട്ടുകൾക്കായി സന്ദേശ്, കാല ജാമൺ, ഖീർ കദം എന്നിവയും യാത്രക്കാർക്ക് ആസ്വദിക്കാം.
തിരിച്ചുള്ള യാത്രയിൽ, 27576 കാമാഖ്യാ-ഹൗറ സർവീസിന്റെ അത്താഴ മെനുവിൽ ജീര റൈസ്, ജീര കോൺ പുലാവ്, കിസ്മിസ് പുലാവ് എന്നിവയ്‌ക്കൊപ്പം തേഡ്ഡാർ പറാത്ത, മിക്‌സഡ് ദാൽ, ലസേര ആലു ബജി, ഭേൻഡി ആലു ഭജി, ബീൻസ് ആലു ബജി തുടങ്ങിയ വിവിധ പച്ചക്കറി വിഭവങ്ങളും ഉൾപ്പെടുന്നു.
വെജിറ്റേറിയനിൽ പനീർ മസാലയും കടായി പനീറും മാംസാഹാര ഓപ്ഷനുകളിൽ അസമീസ് ശൈലിയിലുള്ള ചിക്കൻ മസാലയും ചിക്കൻ കറിയും ഉൾപ്പെടുന്നു.
ഈ യാത്രയുടെ ഡിസർട്ടുകളിൽ നാരികാൽ ബർഫി, രസഗുള, ലാൽമോഹൻ എന്നിവ ഉൾപ്പെടുന്നു. ഇരു സർവീസുകളിലെയും യാത്രക്കാർക്ക് രാവിലെ 6:30 നും എട്ടിനും ഇടയിൽ ബിസ്‌കറ്റും മഫിനും അടങ്ങിയ ചായ ആസ്വദിക്കാം.
വെസ്റ്റ് ബംഗാളിലെ യാത്രക്കാരുടെ ഭക്ഷണത്തിലെ മുൻഗണനകൾ നിറവേറ്റുന്നതിനാണ് മെനു പുനരവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഈസ്റ്റേൺ റെയിൽവേ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17-ന് ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് സ്ലീപ്പർ സർവീസ്, ഇരു സ്റ്റേഷനുകൾക്കിടയിൽ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തുന്നുണ്ട്.



