play-sharp-fill
വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റാൻ സഹായ ഹസ്തവുമായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ; ക്രെയിൻ ഉപയോഗിച്ച് വെട്ടിമാറ്റിയത് പടുകൂറ്റൻ ആഞ്ഞിലി

വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റാൻ സഹായ ഹസ്തവുമായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ; ക്രെയിൻ ഉപയോഗിച്ച് വെട്ടിമാറ്റിയത് പടുകൂറ്റൻ ആഞ്ഞിലി

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയിൽ വീടിനു മുകളിൽ വീണ ആഞ്ഞിലി വെട്ടിമാറ്റാൻ മാർഗമില്ലാതെ അഗ്നിരക്ഷാസേനയടക്കം വിഷമിച്ചപ്പോൾ സഹായഹസ്തവുമായി ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ. മറിയപ്പള്ളി മുട്ടം തൈപ്പറമ്പിൽ സുനിൽ മാത്യുവിന്റെ വീടിനു മുകളിൽ വീണ മരം വെട്ടിമാറ്റാനാണ് ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാർ ക്രെയിനുമായി എത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മരം വെട്ടിമാറ്റി. എന്നാൽ, മരം നീക്കം ചെയ്‌തെങ്കിലും വീട് പൂർണമായും തകർന്നിരുന്നു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സുനിലിന്റെ വീടിനു മുകളിലേയ്ക്ക് പടുകൂറ്റൻ ആഞ്ഞിലിമരം മറിഞ്ഞു വീണത്.
മരം വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. രാവിലെയോടെയാണ് മരം വെട്ടിമാറ്റുന്നതിനായി വീട്ടുകാർ അഗ്നിരക്ഷാ സേനയെ സമീപിച്ചത്. എന്നാൽ, വൻ ആഞ്ഞിലി മരം ചുവടോടെ മറിഞ്ഞ് വീടിനു മുകളിൽ വീണത് നീക്കം ചെയ്യാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിക്കുമായിരുന്നില്ല. ഇതേ തുടർന്ന് വാർഡ് കൗൺസിലർ അരുൺ ഷാജി ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ ആൻഡ് മാനേജിംങ് ഡയറകടർ ഡോ.ഫെബി വർഗീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്നു ട്രാവൻകൂർ സിമന്റ്‌സിലെ ക്രെയിനും തൊഴിലാളികളെയും മരം ഉയർത്തി മാറ്റുന്നതിനായി വിട്ടു നൽകുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരം നീക്കം ചെയ്യുകയും ചെയ്തു.