നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചത് കമ്മൽ ഊരാൻ കഴിയാത്തതിനാൽ: കുട്ടിയെ തിരികെ കിട്ടിയെങ്കിലും തട്ടികൊണ്ടുപോയത് ആര്? എന്തിന്? പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷ സംഘത്തെ നിയോഗിച്ചു.

Spread the love

മാനന്തവാടി : നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത് നാടിനെയാകെ ആശങ്കയിലാഴ്ത്തിയെങ്കിലും ഒടുവില്‍ ആശ്വാസം.
ദ്വാരക പുലിക്കാടിലെ വട്ടപ്പാറ ബിജുവിന്റെ മകള്‍ ജിയന്നയെയാണ്‌ ശനിയാഴ്ച രാത്രി എട്ടുമണിയോടെ കാണാതായത്. വിവരമറിഞ്ഞെത്തിയവരെല്ലാം കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു. ഒടുവില്‍ രണ്ടുമണിക്കൂറിനുശേഷം കുട്ടിയെ സുരക്ഷിതമായി കിട്ടി.

video
play-sharp-fill

റോഡില്‍നിന്ന്‌ ഏകദേശം ഇരുപതുമീറ്റർ മാറിയാണ് ബിജുവിന്റെ വീട്. സമീപത്തെ വീട്ടിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പുലിക്കാട് ഭാഗത്തുനിന്ന് സ്കൂട്ടർ ഓടിച്ചെത്തിയ ആള്‍ കുട്ടിയെ വണ്ടിയില്‍ കയറ്റിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പച്ചനിറത്തിലുള്ള വസ്ത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇത് വസ്ത്രമാണോ വസ്ത്രത്തിനുമുകളില്‍ കോട്ട് ധരിച്ചതാണോ എന്ന് വ്യക്തമല്ല. തരുവണ പാലയാണയില്‍നിന്നാണ് രാത്രി 9.45-ഓടെ കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരനും പൊതുപ്രവർത്തകനുമായ പി.വി. ജോസാണ് ഇദ്ദേഹത്തിന്റെ കടയ്ക്കുസമീപത്തുള്ള റോഡരികില്‍ കുട്ടിയെ കണ്ടത്.

‘കുട്ടിയുടെ കരച്ചില്‍കേട്ട് പൂച്ചകള്‍ കടികൂടുന്നതാണെന്നാണ്‌ കരുതിയത്. ഇത് നിർത്താൻ ഒച്ചയുണ്ടാക്കി. എന്നിട്ടും പന്തികേടുതോന്നിയതിനാലാണ് റോഡിലേക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കുഞ്ഞുമോള്‍ റോഡരികില്‍നിന്ന്‌ കരയുന്നതുകണ്ടത്’-പാലിയാണയില്‍ റോഡിനോടുചേർന്ന് കടനടത്തുന്ന ജോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തെത്തിയപ്പോള്‍ കുട്ടി തണുത്തുവിറങ്ങലിച്ച അവസ്ഥയിലായിരുന്നു. ചോദിച്ചപ്പോള്‍ കൃത്യമായി ഒന്നും പറയാൻകഴിയുന്നുണ്ടായിരുന്നില്ല. കുട്ടിയെ വീട്ടിലെത്തിച്ചശേഷം നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനുമായ കളത്തില്‍ പ്രശാന്തിനെ വിളിച്ചു. പ്രശാന്തും ഇദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ നിമിഷയും ഉടൻ വീട്ടിലെത്തി. തണുത്തുവിറങ്ങലിച്ച കുട്ടിയെ പുതപ്പിച്ച്‌ കാപ്പിയും ബിസ്കറ്റും മിഠായിയും നല്‍കി. പേടിമാറിത്തുടങ്ങിയ കുട്ടി പേരും അങ്കണവാടി അധ്യാപികയുടെ പേരും മാത്രമാണ് പറഞ്ഞത്.

കുട്ടിയെ സംബന്ധിച്ചുള്ള സൂചനലഭിക്കാത്തതോടെ വെള്ളമുണ്ട പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഈ സമയം കുട്ടിക്കായി തിരച്ചില്‍നടത്തുകയായിരുന്നു. ഉടൻ വെള്ളമുണ്ട പോലീസ് സംഘവും പിന്നീട് മാനന്തവാടി പോലീസും സ്ഥലത്തെത്തി. രാത്രി 11-ഓടെയാണ് കുട്ടിയുമായി നാട്ടുകാരും പോലീസും പോയത്. കുഞ്ഞിനെ സുരക്ഷിതമായി രക്ഷിതാക്കളുടെ കൈകളിലെത്തിക്കാൻ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോസ് പറഞ്ഞു.

കുട്ടിയുടെ പിതാവുനല്‍കിയ പരാതിയില്‍ തട്ടിക്കൊണ്ടുപോയതിന്‌ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മല്‍ ഊരിമാറ്റാൻശ്രമിച്ചത് തടുത്ത് കരഞ്ഞ കുട്ടിയെ വഴിയിലുപേക്ഷിച്ച്‌ മടങ്ങുകയായിരുന്നെന്നാണ് കരുതുന്നത്. കുട്ടിയെ ദേഹോപദ്രവമൊന്നും ഏല്പിച്ചിട്ടില്ല. അഞ്ചാമൈല്‍വഴിയാവണം സ്കൂട്ടറില്‍ കുട്ടിയെ ഇരുത്തി പാലിയാണവരെ ഓടിച്ചുപോയത്. ഇതുവഴിപോയാല്‍ ഏഴുകിലോമീറ്ററിലധികം ദൂരമുണ്ട്. ഈ പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ മന്ത്രി ഒ.ആർ. കേളു പോലീസിന്‌ നിർദേശംനല്‍കി. കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തുന്നതിനായി മാനന്തവാടി ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. വെള്ളമുണ്ട ഇൻസ്പെക്ടർ ബിജു ആന്റണി, മാനന്തവാടി, തലപ്പുഴ എസ്.ഐ.മാരായ കെ. സിൻഷ, കെ.കെ. സോബിൻ, ബിജു വർഗീസ് എന്നിവർ ഉള്‍പ്പെടെ എട്ടംഗ അന്വേഷണസംഘമാണ് രൂപവത്കരിച്ചത്. മാനന്തവാടി ഇൻസ്പെക്ടർ പി. റഫീഖിനാണ് അന്വേഷണച്ചുമതല.