
പാലക്കാട്: പാലക്കാട്–പൊന്നാനി സംസ്ഥാനപാതയിൽ പത്തിരിപ്പാലയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയ്ക്ക് തീപിടിച്ചു. എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി പുറത്തിറങ്ങി ഓടുകയായിരുന്നു. ലോറി പൂർണമായും കത്തി നശിച്ചു. തലനാരിഴയ്ക്കാണ് ഡ്രൈവർക്ക് പൊള്ളലേൽക്കാതെ രക്ഷപ്പെടാനായത്.
ഞായർ രാത്രി 11.45ഓടെ കോയമ്പത്തൂരിൽ നിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയിലാണ് തീപിടുത്തമുണ്ടായത്. ആദ്യം കാബിനിൽ നിന്നാണ് തീ കണ്ടത്. പിന്നാലെ പഞ്ചസാര ചാക്കുകളിലേക്ക് തീ പടർന്നു. നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തെ തുടർന്ന് റോഡിൽ രണ്ടര മണിക്കൂറോളം ഗതാഗത തടസമുണ്ടായി.
പാലക്കാട്, കോങ്ങാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഏകദേശം ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


