
ഡൽഹി : ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം.
അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം.
ഇതിനൊപ്പം തന്നെ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
ഇക്കാര്യങ്ങളില്‍ സർക്കാർ വ്യക്തത വരുത്തണമെന്നും, പാർലമെന്റില്‍ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കള്‍ അറിയിച്ചിട്ടുള്ളത്. ജനറല്‍ എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത് തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും ലോക്സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എസ് വ്യാപാര കരാറും പാർലമെന്റിനെ തീപിടിപ്പിക്കുന്നത്.
ഇന്ന് ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ ഇതുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് രാവിലെ ചേരുന്ന ഇന്ത്യ സഖ്യ യോഗം തീരുമാനിക്കും. ബജറ്റ് ചർച്ചയുമായി സഹകരിക്കണമോ എന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ഭിന്നതയുണ്ട്. ചർച്ചയോട് സഹകരിക്കണം എന്ന നിലപാട് പ്രതിപക്ഷത്തെ ചില പാർട്ടികള്‍ക്കുണ്ട്. അന്തിമ തീരുമാനം രാവിലെ ചേരുന്ന യോഗത്തിലുണ്ടാകും.



