
തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച് ആശയക്കുഴപ്പം തുടരുന്നു.
വിഎസ്എസ്സി നടത്തിയ സാമ്പിള്‍ പരിശോധനയിലെ അന്തിമ ഫലം വന്നെങ്കിലും സ്വർണം പൊതിഞ്ഞ ചെമ്പു പാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴും ലഭ്യമല്ല.
ആശയക്കുഴപ്പം തീർക്കാനായി ശബരിമലയിലെ സ്വർണപാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും. നഷ്ടമായ സ്വർണത്തിൻെറ ഏകദേശ കണക്കും തുടർ പരിശോധനയുടെ ആവശ്യവും വ്യക്തമാക്കി അന്വേഷണ സംഘം നാളെ ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കും.
ശബരിമലയില്‍ നിന്നും കടത്തികൊണ്ടുപോയ പാളികള്‍ മറിച്ച് വിറ്റ് പുതിയത് സ്ഥാപിച്ചോയെന്ന കാര്യത്തിലെ ദുരൂഹത മാറുന്നില്ല. ശാസ്ത്രീയ പരിശോധന ഫലത്തിൻെറ അന്തിമ റിപ്പോർട്ട് വരുമ്പോള്‍ ഉത്തരം വ്യക്തമാകുമെന്നായിരുന്നു എസ്ഐടിയുടെ പ്രതീക്ഷ. പക്ഷെ ഇപ്പോഴും സംശയങ്ങള്‍ ബാക്കി. മെർക്കുറി ഉപയോഗിച്ചാണ് 98ല്‍ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ചില പാളികളില്‍ മെർക്കുറിയുടെ അംശം തീരെ കാണുന്നില്ല. ശബരിമലയിലെ സ്ട്രോങ് റൂമിലുണ്ടായിരുന്ന പഴയ വാതിലില്‍ നിന്നും സാമ്പിളും ശേഖരിച്ച് താരതമ്യ പരിശോധന നടത്തിയിരുന്നു. എങ്കിലും ചെമ്പു പാളികള്‍ പൂർണമായി മാറ്റിയിട്ടുണ്ടോയെന്ന നിർണായക ചോദ്യത്തിന് വ്യക്തമായ ഉത്തരം റിപ്പോർട്ടില്‍ ഇല്ല.
ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ കൊള്ളയുടെ ആഴം മനസ്സിലാക്കണമെങ്കില്‍ ഇക്കാര്യം വ്യക്തമായേ മതിയാവൂ. അതിനാല്‍ വീണ്ടും സാമ്പിളുകള്‍ ശേഖരിക്കാനും ആധുനിക സംവിധാനങ്ങളുള്ള മറ്റൊരു ലാബിലേക്ക് അയച്ച് വിശദ പരിശോധന നടത്താനുമാണ് എസ്ഐടി യുടെ നീക്കം. മാസപൂജക്കായി അടുത്ത ആഴ്ച നട തുറന്ന ശേഷം സാമ്പിളുകള്‍ ശേഖരിക്കും.
ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിൻെറ സ്വർണപാളികള്‍, ചെമ്പുകൊണ്ടു നിർമ്മിച്ച കട്ടിളപാളികള്‍ എന്നിയില്‍ നിന്നും ആദ്യം ശേഖരിച്ച സാമ്പിളുകളാണ് വിഎസ്എസ്സിയിലെ ലാബില്‍ പരിശോധിച്ചത്. പിന്നീട് പഴയ വാതിലില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിരുന്നു. വിഎസ്സിസി നല്കിയ റിപ്പോർട്ട് പരിശോധിച്ച ശേഷം കട്ടിളപാളികള്‍ മാറ്റിയിട്ടുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ഡിവിഷൻ ബഞ്ച് ശാസ്ത്രജ്ഞരുടെ മൊഴി വിണ്ടും രേഖപ്പെടുത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിച്ചു.
എസ്ഐടി സംഘം പല പ്രാവശ്യം ശാസ്ത്രജ്ഞരുമായി ചർച്ച നടത്തി. കട്ടിളപാളികള്‍ക്കുണ്ടായ മാറ്റം ചില ലായനികള്‍ ഉപയോഗിച്ചപ്പോഴുണ്ടായ രാസ പരിണാമമാണോയെന്ന സംശയം ശാസ്ത്രജ്ഞർ പ്രകടപ്പിച്ചിരുന്നു. കട്ടിളപാളികള്‍ കടത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് കുറ്റപത്രത്തിൻെറ കരടിനും രൂപ നല്‍കിയത്. എന്നാല്‍ പഴയ വാതിലിൻെറ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിച്ച് ശാത്രജ്ഞർ ചർച്ച നടത്തി കൈമാറിയ അന്തിമ റിപ്പോർട്ടിലും ചില പാളികളുടെ കാലപ്പഴക്കത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
വിചാരണവേളയില്‍ ഇത് തിരിച്ചടിയാകാതിരിക്കാനാണ് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചത്. അന്തിമ ഫലത്തിൻെറ അടിസ്ഥാനത്തില്‍ ശബരിമലയില്‍ നിന്നും കടത്തിയിരിക്കാൻ സാധ്യതയുള്ള സ്വർണത്തിൻെറ ഏകദേശ കണക്കും നാളെ ഹൈക്കോടതിയെ എസ്ഐടി അറിയിക്കും. ശാസ്ത്രീയ ഫലം വൈകുന്ന സാഹചര്യത്തില്‍ കുറ്റപത്രങ്ങള്‍ കോടതിയില്‍ സമർപ്പിക്കുന്നത് വീണ്ടും വൈകാനാണ് സാധ്യത. ഇതോടെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ പ്രതികളും ജാമ്യം തേടി പുറത്തിറങ്ങുമെന്നും ഉറപ്പാവുകയാണ്.



