play-sharp-fill
കലിതുള്ളി പെരുമഴ : 22 മരണം ;പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല അതോറിറ്റി

കലിതുള്ളി പെരുമഴ : 22 മരണം ;പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല അതോറിറ്റി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു പ്രളയം സൃഷ്ടിച്ച മുറിവുണങ്ങും മുൻപ് അടുത്ത ദുരിതം എത്തിയിരിക്കുന്നു. കേരളത്തെ ദുരിതത്തിലാക്കിക്കൊണ്ട് മഴക്കെടുതികൾ തുടരുന്നു.

ആകസ്മികമായി കാലവർഷം രൗദ്രഭാവം പൂണ്ടപ്പോൾ പൊലിഞ്ഞത് 22 ജീവനുകളാണ്. യഥാർത്ഥ കണക്ക് ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വീണ്ടും പ്രളയസമാനമായ ഒരു സാഹചര്യമാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ ശക്തം. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട്്, വയനാട്, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്.

സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൂടാതെ, അപകടസ്ഥലങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

വയനാട് മേപ്പാടി മേഖലയിൽ സ്ഥിതി അതീവഗുരുതരമാണ്. മേപ്പാടി ചൂരൽമല പുത്തുമലയിൽ ആറിടത്ത് ഉരുൾപൊട്ടലുണ്ടായി. എസ്റ്റേറ്റ് ക്വാർട്ടേഴ്‌സും കൻറീനും മണ്ണിനടയിലാണ്. ഇവിടെ റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതീകൂലമായി ബാധിക്കുന്നുണ്ട്.

ചാലിയാർ, പമ്പ നദികളുടെ സമീപപ്രദേശങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വടകര വിലങ്ങാടിൽ ഉരുൾപൊട്ടി നാലുപേരെ കാണാതായി. മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി.

ഈരാറ്റുപേട്ട അടുക്കത്ത് ഉരുൾപ്പൊട്ടി. പാലായും കോട്ടയത്തിൻറെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ. മീനച്ചിലാർ, മൂവാറ്റുപുഴയാർ, മണിമലയാർ എന്നീ നദികൾ കരകവിഞ്ഞൊഴുകുന്നു.

സംസ്ഥാനത്തെ പ്രഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നെടുമ്ബാശേരി വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു.