
തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടൻ മണിയൻപിള്ള രാജു അറസ്റ്റില്‍. നടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വെെദ്യപരിശോധന നടത്തി.
മ്യൂസിയെ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തില്‍ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നല്‍കാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്.

അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ പിള്ളയുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയിരിക്കുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. നിവേദ് കൃഷ്‌ണ, സൂരജ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഒരാളുടെ കാലുകള്‍ക്ക് ഒടിവുണ്ട്. രണ്ടാമന് നട്ടെല്ലിന് പരിക്കുണ്ട്. അതേസമയം, ഭയം കാരണമാണ് കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഒരു പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. താൻ മദ്യപിച്ചിരുന്നില്ല. സുബ്രഹ്മണ്യം ഹാളില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങവേയായിരുന്നു അപകടം. വണ്ടിയൊന്നുമില്ലായെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് റോഡിലേക്കിറങ്ങിയത്. റോഡ് ക്രോസ് ചെയ്ത് വളവിന് സമീപമെത്തിയപ്പോള്‍ വളരെവേഗത്തില്‍ ബൈക്കുവന്ന് കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് വീണു. ഭയം കൊണ്ടാണ് നിർത്താത്തത്. രാവിലെതന്നെ പൊലീസ് സ്റ്റേഷനില്‍ പോയി വിവരം പറയും. കാറില്‍ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. കാർ ജവഹർ നഗറിലുണ്ട്’- എന്നായിരുന്നു നടന്റെ പ്രതികരണം. അപകടത്തില്‍ പരിക്കേറ്റ യുവാക്കളെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന് ഇരുവരെയും സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.



