
കാട്ടാക്കട: പാപ്പാൻ ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് വിഷ്ണു ഈ ജോലിതന്നെ തിരഞ്ഞെടുത്തത്. പൊതുവേ കുറുമ്പനായ കുട്ടിക്കൊമ്പൻ മനുവിനെ മെരുക്കാൻ വിഷ്ണുവിനു മാത്രമേ കഴിയൂവെന്ന് ഒപ്പമുള്ള ജീവനക്കാർ പറയുന്നു. 2018 മുതൽ ഇവിടെ പാപ്പാനായി ജോലി ചെയ്യുകയാണ് വെങ്ങാനൂർ സ്വദേശി വിഷ്ണു.
ഏറെ സ്നേഹിച്ച ആന തന്നെ വിഷ്ണുവിന്റെ അന്തകനായി മാറി.
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ പാപ്പാനെ ആന വെള്ളത്തിൽ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിൽ നടുക്കം മാറാതെ വനംവകുപ്പ് ഉദ്യോഗസ്ഥരും സഞ്ചാരികളും, ഇത് ആദ്യത്തെ സംഭവം ആണെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്
2007ലാണ് ആന പുനരധിവാസ കേന്ദ്രം സ്ഥാപിതമായത്. പാപ്പാൻമാരുടെ നേരെ മുൻപും ചെറിയ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പുഷ്ക്കരൻ എന്ന പാപ്പാന് 2022 നവംബറിൽ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ആനയ്ക്ക് തീറ്റ നൽകുമ്പോൾ പാപ്പാന്റെ 2 വിരലുകൾ ആന കടിച്ച് മുറിച്ചു. പല സഞ്ചാരികൾക്കും ചെറിയ ആക്രമണങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. എന്നാൽ ഇതൊന്നും പുറംലോകം അറിയാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യാർ ഡാം റിസർവോയറിന്റെ കാപ്പുകാട് കിഴക്കുമല പ്രദേശത്താണ് കേന്ദ്രത്തിലെ ആനകളെ രാവിലെ കുളിപ്പിക്കുന്നത്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഇന്നലെ വിഷ്ണുവിനു നേരെ ആന തിരിഞ്ഞത്. ആന ഇത്ര രോഷാകുലനായതിന്റെ കാരണം വ്യക്തമല്ല. ആനയെ നന്നായി പരിചരിക്കുന്ന വിഷ്ണുവിനെ അനുസരിക്കുന്ന പതിവാണ് മനുവിന്.
ഇന്നലെ കുളിപ്പിക്കുന്നതിനിടെ പെട്ടെന്ന് തുമ്പിക്കയ്യിൽ കോരിയെടുത്ത് വിഷ്ണുവിനെ വെള്ളത്തിൽ അടിച്ചു. പിന്നാലെ ചവിട്ടിയതായാണ് ഒപ്പമുണ്ടായിരുന്ന ചിലർ നൽകുന്ന വിവരം. ഇതിനിടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവരെത്തും മുൻപ് വിഷ്ണുവിനെ സഹപ്രവർത്തകർ വെള്ളത്തിനടിയിൽ നിന്നു പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 16 ആനകളാണ് പുനരധിവാസ കേന്ദ്രത്തിലുള്ളത്.



