
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസിനെ മത്സരിപ്പിക്കാൻ സിപിഐഎം നീക്കം. എറണാകുളം, വൈപ്പിൻ സീറ്റുകളിലാണ് കെ വി തോമസിനെ പരിഗണിക്കുന്നത്.
ഇടത് സ്വതന്ത്രനായി ആയിരിക്കും മത്സരിക്കുക. കെ വി തോമസിന്റെ എറണാകുളത്തെ ബന്ധങ്ങളും സാമൂഹിക സമവാക്യങ്ങളും ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രാഥമികമായി ആശയവിനിമയം നടന്നതായും ആദ്യ പരിഗണന എറണാകുളം മണ്ഡലത്തില്‍ ആയിരിക്കുമെന്നാണ് വിവരം. കോണ്‍ഗ്രസില്‍നിന്ന് ഇടതു ക്യാമ്ബിലേക്കെത്തിയ കെ വി തോമസ് നിലവില്‍ സംസ്ഥാന സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാണ്.
2019ല്‍ മനു റോയിയെയും 2021ല്‍ ഷാജി ജോർജിനെയുമാണ് എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് മത്സരിപ്പിച്ചത്. ഇരുവരും പൊതു സ്വതന്ത്രരായാണ് ജനവിധി തേടിയത്. ഇത്തവണയും ഇതേ രീതി പിന്തുടരാനാണ് നീക്കം. ഇതിന് അതനുയോജ്യൻ കെ വി തോമസാണ് എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ മണ്ഡലമായ എറണാകുളം ജനകീയനായ കെ വി തോമസിലൂടെ പിടിച്ചെടുക്കാൻ സാധിച്ചേക്കുമെന്നാണ് നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈപ്പിനില്‍ കെ എം ഉണ്ണികൃഷ്ണനെ മാറ്റി എന്തെങ്കിലുമൊരു പരീക്ഷണത്തിലേക്ക് പോകേണ്ട സാഹചര്യമുണ്ടെങ്കില്‍ കെ വി തോമസിനെ ഇവിടെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് 2022 മെയ് 12ന് കോണ്‍ഗ്രസ് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ വി തോമസിനെ പുറത്താക്കിയത്. ഇടതുപക്ഷ കണ്‍വെൻഷനില്‍ സംസാരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെയായിരുന്നു പാർട്ടിയില്‍ നിന്നുള്ള പുറത്താക്കല്‍.



