
തിയേറ്ററില്‍ നിന്ന് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനത്തില്‍ നസ്ലെൻ നായകനായി എത്തിയ പ്രേമലു.
ചിത്രം ബോക്സ് ഓഫീസില്‍ വമ്പൻ വിജയമാണ് കൊയ്തത്. മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളില്‍ നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമല്ല. അതേസമയം സിനിമയിലെ പ്രധാന നടനായ നസ്ലെന് സ്ക്രിപ്റ്റ് വർക്ക് ആകാതെ പോയതാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് ചില ഓണ്‍ലൈൻ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


