
പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ ബസുകള്‍ കേരളത്തിലെത്തിച്ച് സർവീസ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.
അറ്റകുറ്റപ്പണികള്‍ പൂർത്തിയാക്കി നിരത്തിലിറങ്ങാൻ തയ്യാറായിരുന്ന ഇരുനൂറോളം ബസുകളാണ് ഗതാഗത വകുപ്പിന്റെ ഉത്തരവോടെ ഷെഡില്‍ കയറുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലെ ബസുടമകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
പഴഞ്ചൻ വാഹനങ്ങളുടെ ഇടമായി കേരളം മാറാതിരിക്കാനാണ് കടുത്ത തീരുമാനമെടുത്തതെന്നാണ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ. മനോജ് കുമാർ വ്യക്തമാക്കുന്നത്. ഡല്‍ഹി, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബസുകളുടെ കാലാവധി എട്ട് മുതല്‍ പത്ത് വർഷം വരെയാണ്. എന്നാല്‍ കേരളത്തില്‍ 22 വർഷമാണ് നിശ്ചയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ ബസ് വാങ്ങാൻ 50 ലക്ഷത്തോളമാണ് ചെലവ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കാലാവധി കഴിഞ്ഞ ബസുകള്‍ 10-15 ലക്ഷം രൂപയ്ക്ക് ലഭിക്കും. ഇവ വാങ്ങി മിനുക്കുപണികള്‍ നടത്തി കേരളത്തില്‍ രജിസ്റ്റർ ചെയ്ത് ഓടിക്കുന്ന രീതി കഴിഞ്ഞ 30 വർഷമായി തുടർന്നുപോരുന്നതാണ്.
പഴയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടസാദ്ധ്യതകളും വായുമലിനീകരണം തടയുകയുമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റ പണികള്‍ പൂർത്തിയാക്കി വാങ്ങിയ ബസുകള്‍ക്കെങ്കിലും ഇളവ് നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് വാങ്ങാനും അതിന്റെ അറ്റകുറ്റ പണികള്‍ക്കും വൻ തുക നിക്ഷേപിച്ചവർ പെരുവഴിയിലായ സാഹചര്യത്തില്‍ ബസുടമകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.



