സംസ്ഥാനത്തെ സ്‌കൂളുകളില്‍ റോബോട്ടിക് വിപ്ലവം: അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളുടെ വിതരണ ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വി ശിവൻകുട്ടി

Spread the love

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ റോബോട്ടിക്സ് പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

video
play-sharp-fill

ആറ് സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്ക് കിറ്റുകള്‍ കൈമാറിക്കൊണ്ടാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിന്യസിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളില്‍ നേരത്തെ തന്നെ 29,000 റോബോട്ടിക് കിറ്റുകള്‍ കൈറ്റ് ലഭ്യമാക്കിയിരുന്നു. ഈ അധ്യയനവർഷം മുതല്‍ പത്താം ക്ലാസിലെ ഐ.സി.ടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്സ് പഠനം ഉള്‍പ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കുന്നുണ്ട്. ഈ നൂതന വിദ്യാഭ്യാസ രീതിയുടെ തുടർച്ചയായാണ് ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്) അധിഷ്ഠിത ഉപകരണങ്ങള്‍ ഉള്‍പ്പെടെ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

പുതിയ കിറ്റുകളില്‍ ഐ.ഒ.ടി സംവിധാനം ഒരുക്കുന്നതിനുള്ള വൈഫൈ, ബ്ലൂടൂത്ത് കണക്ടിവിറ്റി സൗകര്യങ്ങളുള്ള ഇ.എസ്.പി 32 അധിഷ്ഠിതമായ ഡെവലപ്മെന്റ് ബോർഡാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ അള്‍ട്രാസോണിക് ഡിസ്റ്റൻസ്, സോയില്‍ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങിയ വിവിധ സെൻസറുകളുടെ വലിയ നിരയും ഇതിലുണ്ട്. 4ഡബ്ല്യുഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിള്‍ മിനി വാട്ടർ പമ്പ്, റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയണ്‍ ബാറ്ററി പാക്ക് എന്നിവ ഉള്‍പ്പെടുന്ന കിറ്റ് വിദ്യാർത്ഥികളെ വൈവിധ്യമാർന്ന പ്രോജക്റ്റുകള്‍ തനിയെ നിർമ്മിക്കാൻ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകള്‍, ചെടികള്‍ക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങള്‍, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍, സ്മാർട്ട് വെതർ സ്റ്റേഷനുകള്‍ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകള്‍ നിർമ്മിക്കാൻ ഈ കിറ്റുകള്‍ വിദ്യാർത്ഥികള്‍ക്ക് സഹായകരമാകും. പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതിനൊപ്പം ഇലക്‌ട്രോണിക് സർക്യൂട്ടുകളെക്കുറിച്ച്‌ പഠിക്കാനും ബ്ലോക്ക് കോഡിങ്, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിങ് ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്, ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു. ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പുകളില്‍ വെച്ച്‌ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.