
പാലക്കാട്: പാലക്കാട് കോങ്ങാടിൽ സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആളൊഴിഞ്ഞ വീടിൻ്റെ സെപ്റ്റിക് ടാങ്കിലാണ് യുവാവ് വീണത്. ആടുകള്‍ക്കുവേണ്ടി പ്ലാവില ശേഖരിക്കാൻ പോയതായിരുന്നു എന്നും ഇന്നലെ രാത്രി മുതല്‍ സുനിത്തിനെ കാണാനില്ലെന്നും പറഞ്ഞ് കുടുംബം പോലീസിൽ പരാതി നല്‍കിയിരുന്നു.
തുടർന്ന് ഇന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. സെപ്ടിക് സ്ലാബ് തകർന്ന് കിടക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.


