പോലീസ് സ്റ്റേഷനിൽ ചാർജെടുത്ത് 24 മണിക്കൂറിനുള്ളിൽ കൈക്കൂലി കേസിൽ എസ്എച്ച് ഒയ്ക്ക് തൊപ്പി പോയി: സ്വന്തം പുരയിടത്തിൽ വീട് വയ്ക്കുന്നതിന് ഇഷ്ടിക നിർമ്മിച്ചയാളെ വിരട്ടി 20,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പൊക്കിയത്

Spread the love

റാഞ്ചി: സർക്കാർ ജോലി ലഭിക്കുന്നത് കൈക്കൂലി വാങ്ങാനുള്ള ലൈസൻസാണെന്ന് കരുതുന്നവർക്ക് ഒരു താക്കീതായി ജാർഖണ്ഡില്‍ നിന്നൊരു വാർത്ത.
പുതിയ സ്റ്റേഷനില്‍ ഓഫീസർ ഇൻ-ചാർജായി ചുമതലയേറ്റ് വെറും 24 മണിക്കൂറിനുള്ളില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. ജാർഖണ്ഡിലെ ഗുംല ജില്ലയിലുള്ള ചെയിൻപൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഒ ഷൈലേഷ് കുമാറാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ (ACB) വലയിലായത്.

video
play-sharp-fill

ജനുവരി 13-നായിരുന്നു ഷൈലേഷ് കുമാർ ചെയിൻപൂർ സ്റ്റേഷന്റെ ചുമതലയേറ്റെടുത്തത്. സർവീസിന്റെ ആദ്യ ദിനം തന്നെ അഴിമതിക്ക് തുടക്കമിട്ട ഇയാള്‍, ബെൻഡോറ ഗ്രാമവാസിയായ ജയ്പാല്‍ നായക് എന്ന വ്യക്തിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്വന്തം പുരയിടത്തില്‍ വീട് പണിക്കായി ഇഷ്ടിക നിർമ്മിക്കുന്നതിന് തന്റെ അനുമതി വേണമെന്നും, അതിനായി 20,000 രൂപ നല്‍കണമെന്നുമായിരുന്നു ഇൻസ്‌പെക്ടറുടെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലയ്ക്കുമെന്നും ഇയാള്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിക്ക് വഴങ്ങാൻ തയ്യാറാകാതിരുന്ന ജയ്പാല്‍ നായക് ഉടൻ തന്നെ റാഞ്ചിയിലെ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ എസിബി സംഘം കെണിയൊരുക്കി. അധികൃതരുടെ നിർദ്ദേശപ്രകാരം ബുധനാഴ്ച സ്റ്റേഷനിലെത്തിയ ജയ്പാല്‍, ഇൻസ്‌പെക്ടർക്ക് പണം കൈമാറി. ഈ സമയം സ്റ്റേഷനില്‍ ഒളിഞ്ഞിരുന്ന വിജിലൻസ് സംഘം ഷൈലേഷ് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയില്‍ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ കൈക്കൂലി കേസില്‍ അറസ്റ്റിലായ ഷൈലേഷ് കുമാറിനെ സർവീസില്‍ നിന്നും ഉടൻ സസ്പെൻഡ് ചെയ്തു. സ്റ്റേഷനില്‍ വെച്ച്‌ തന്നെ പണം സഹിതം പിടികൂടിയതിനാല്‍ ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളാണ് എസിബി ശേഖരിച്ചിട്ടുള്ളത്.

ഒരു ഉദ്യോഗസ്ഥൻ ചുമതലയേറ്റ ഉടൻ തന്നെ ഇത്തരത്തില്‍ അഴിമതിക്ക് തുനിഞ്ഞത് പോലീസ് സേനയ്ക്ക് തന്നെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
കൃത്യമായ ആസൂത്രണത്തോടെ പരാതിക്കാരൻ പ്രവർത്തിച്ചതിനാല്‍ നിയമത്തിന് മുന്നില്‍ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ എത്തിക്കാൻ കഴിഞ്ഞുവെന്ന് എസിബി പത്രക്കുറിപ്പില്‍ അറിയിച്ചു.