നാലുവർഷത്തിനുശേഷം പകവീട്ടി ഒൻപതാം ക്ലാസുകാരൻ; താമരശ്ശേരിയില്‍ ഒൻപതാം ക്ലാസുകാരനും അനിയനും ചേര്‍ന്ന് മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദിച്ച്‌ പരിക്കേല്‍പ്പിച്ചു

Spread the love

താമരശ്ശേരി: നാലുവർഷത്തിന് ശേഷം പകവീട്ടി ഒൻപതാംക്ലാസുകാരൻ. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്-ഇരുമ്പിൻചീടൻകുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറ്മണിയോടെയാണ് സംഭവം.

video
play-sharp-fill

ഇളയസഹോദരനൊപ്പം ചേർന്ന് അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു ഒൻപതാംക്ലാസുകാരനെ മർദിച്ച്‌ പരിക്കേല്‍പ്പിച്ചു. ചുങ്കം കലറക്കാംപൊയില്‍ നൗഷാദ്-ഫാമിദ ദമ്പതിമാരുടെ മകൻ മുഹമ്മദ് നാഫി (14)ക്കാണ് മർദനമേറ്റത്.

അക്രമത്തിനിരയായ നാഫിയുടെ ഇളയസഹോദരനെ കുറ്റാരോപിതനായ ഒൻപതാംക്ലാസുകാരന്റെ അനിയൻ നാലുവർഷംമുൻപ് മദ്രസയില്‍വെച്ച്‌ ഉപദ്രവിക്കുകയും പിന്നീട് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മില്‍ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഇടപെട്ട് പ്രശ്‌നം പറഞ്ഞുതീർക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം നാഫി ചുങ്കത്തെ പള്ളിയിലേക്ക് പോവുന്ന വഴിയില്‍, തന്റെ മൂന്ന് സഹോദരങ്ങളെയും സ്‌കൂട്ടറില്‍ കയറ്റി ഒൻപതാംക്ലാസുകാരൻ എത്തുകയായിരുന്നു. “നീ നാളെ ആന്വല്‍ ഡേയ്ക്ക് സ്‌കൂളില്‍ പോവുന്നുണ്ടോ?’ എന്നുചോദിച്ചശേഷം ഈ കുട്ടി നാഫിയെ കയ്യേറ്റം ചെയ്‌തെന്നും, ഇളയ സഹോദരൻ പിടിച്ചുവെച്ചെന്നും മറ്റുമാണ് പരാതി.

മർദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അക്രമം നടത്തിയ കുട്ടികളുടെ പേരില്‍ താമരശ്ശേരി പോലീസ് വെള്ളിയാഴ്ച എസ്.ബി.ആർ (സാമൂഹിക പശ്ചാത്തല റിപ്പോർട്ട്) രജിസ്റ്റർ ചെയ്തു. അക്രമത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ വിദ്യാർഥി ആദ്യം താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.