മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടങ്ങി; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് തമിഴ്‌നാട്ടിലെ കാഞ്ചീവരം സാരി ധരിച്ച്‌; കാത്തിരിക്കുന്നത് വമ്പന്‍ പ്രഖ്യാപനങ്ങൾക്ക് 

Spread the love

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടങ്ങി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എത്തിയത് തമിഴ്‌നാട്ടിലെ കാഞ്ചീവരം സാരി ധരിച്ച്‌.

video
play-sharp-fill

തമിഴ്‌നാടിന്റെ സ്വന്തം സാരി ധരിച്ച്‌ ധനമന്ത്രി എത്തുമ്പോള്‍, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്തിനായി വമ്പൻ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കുമെന്ന പ്രതീക്ഷകളും ഉയരുന്നുണ്ട്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്.

പർപ്പിള്‍ നിറത്തിലുള്ള കട്ടം കാഞ്ചീവരം സാരിയില്‍ സ്വർണനിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗണ്‍ ബോർഡറില്‍ കസവുമാണുള്ളത്. തമിഴ്‌നാടിന്റെ തനത് കൈത്തറി ഇനത്തില്‍ വരുന്ന കട്ടം-കള്ളി എന്നറിയപ്പെടുന്ന സാരി, തമിഴ്‌നാടിന്റെ സംസ്‌കാരവും കാലാതീതമായ നെയ്ത്ത് പാരമ്പര്യവും വിളിച്ചോതുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബജറ്റ് അവതരണത്തിനായി ധനമന്ത്രി എത്തുമ്പോള്‍ ധരിക്കാറുള്ള സാരികളെല്ലാം വാർത്താപ്രാധാന്യം നേടാറുള്ളവയാണ്. കഴിഞ്ഞ തവണ ബിഹാറിലെ പരമ്പരാഗത സാരി ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനായി എത്തിയത്. അന്ന് ബിഹാറിന് സഹായകമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായിരുന്നു. ബിഹാറിലെ മധുബനി ചിത്രപ്പണികളുള്ള വെള്ള കൈത്തറി സാരിയായിരുന്നു 2025ലെ ബജറ്റ് അവതരണത്തിലെ ധനമന്ത്രിയുടെ വേഷം.

 

2024 ഫെബ്രുവരിയില്‍ നടന്ന ബജറ്റ് അവതരണത്തില്‍ പശ്ചിമബംഗാളിന്റെ കാന്ത എംബ്രോയിഡറിയുള്ള ടസാർ സില്‍ക്കിലുള്ള നീല സാരിയും അതേ വർഷം ജൂലൈയില്‍ നടന്ന ബജറ്റ് അവതരണത്തില്‍ ആന്ധ്രയില്‍നിന്നുള്ള വെള്ള നിറത്തിലുള്ള മംഗള്‍ഗിരി സാരിയുമാണ് നിർമല ധരിച്ചിരുന്നത്.

2023ല്‍ ചുവപ്പ് നിറത്തിലുള്ള സില്‍ക്ക് സാരിയും 2022ല്‍ ഒഡീഷയിലെ ബോംകൈ ഇനത്തില്‍വരുന്ന ബ്രൗണ്‍ സാരിയും 2021ല്‍ തെലങ്കാനയുടെ പോച്ചപുള്ളി ഇകത് എന്നറിയപ്പെടുന്ന പല നിറങ്ങളിലുള്ള സാരിയുമാണ് നിർമല ധരിച്ചിരുന്നത്.

2020ല്‍ മഞ്ഞ നിറത്തിലുള്ള സില്‍ക്ക് സാരിയും 2019ല്‍ ആന്ധ്രപ്രദേശിന്റെ പിങ്ക് മംഗള്‍ഗിരി സാരിയുമാണ് നിർമല ധരിച്ചിരുന്നത്.

തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് നിർമ്മല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്.