
തിരുവനന്തപുരം: പെൺസുഹൃത്തിൻ്റെ വിയോഗത്തിൽ മനംനൊന്ത് സിവിൽ പൊലിസ് ഓഫീസർ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എ.ആർ ക്യാമ്പിലെ സിവിൽ പൊലിസ് ഓഫീസറും കോവളം വെള്ളാർ സ്വദേശിയുമായ അഖിലിനെയാണ് (27) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് സ്വദേശിനിയായ പെൺസുഹൃത്ത് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ്, ആശുപത്രിയിൽ പോയി മൃതദേഹം കണ്ടു മടങ്ങിയതിന് പിന്നാലെയാണ് അഖിൽ ജീവനൊടുക്കിയത്.
പഠനാവശ്യത്തിനായി വയനാട്ടിൽ നിന്നും തിരുവനന്തപുരത്തെത്തി താമസിച്ചിരുന്ന യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി യുവതി താമസിക്കുന്ന വാടകവീട്ടിൽ അവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരമറിഞ്ഞ അഖിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പെൺസുഹൃത്തിൻ്റെ മൃതദേഹം കണ്ടു.രാത്രി 12.30-ഓടെ വീട്ടിൽ തിരിച്ചെത്തിയ അഖിലിനോട് മാതാവ് കാര്യങ്ങൾ തിരക്കിയെങ്കിലും വ്യക്തമായ മറുപടി നൽകിയിരുന്നില്ല.
തുടർന്ന് പുലർച്ചെ 2.15-ഓടെ തന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കാർ വാങ്ങിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ സുഹൃത്തിന് വാട്സ്ആപ്പ് സന്ദേശമായി അയച്ച ശേഷമാണ് അഖിൽ മുറിക്കുള്ളിലെ ഫാനിൽ ബഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയത്.
രണ്ടര വർഷം മുൻപാണ് അഖിൽ പൊലിസ് സേനയിൽ പ്രവേശിച്ചത്. രാവിലെ മാതാവ് വിളിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം എ.ആർ ക്യാമ്പിലെ പൊതുദർശനത്തിന് പിന്നാലെ മൃതദേഹം സംസ്കരിച്ചു. സംഭവത്തിൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



