ഓട്സ് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കുമോ? ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Spread the love

കോട്ടയം: നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമൃദ്ധമായ ഒരു ഭക്ഷണമാണ് ഓട്‌സ്.

video
play-sharp-fill

വൈറ്റമിനുകള്‍, മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍, കൂടാതെ വീക്കം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്‌സ്.

ഓട്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകളാണ്. ഉയർന്ന നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, ഓട്‌സ് കഴിക്കുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാനും അതുവഴി കാലറി ഉപഭോഗം കുറച്ച്‌ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, കാർബോഹൈഡ്രേറ്റുകള്‍ ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് മികച്ച തിരഞ്ഞെടുപ്പാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയില്‍ പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോള്‍. രക്തത്തിലെ ‘ചീത്ത കൊളസ്‌ട്രോള്‍’ അഥവാ എല്‍ഡിഎല്‍ വർധിക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഈ സാഹചര്യത്തില്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്‌സ്. ഇതിന് സഹായിക്കുന്നത് ഓട്‌സിലെ ബീറ്റാ-ഗ്ലൂക്കൻ എന്ന ഘടകമാണ്.

എന്നാല്‍ വെറുതെ ഓട്‌സ് കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതിന്റെ ഗുണങ്ങള്‍ പൂർണ്ണമായി ലഭിക്കാൻ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ശരിയായ ഓട്‌സ് തിരഞ്ഞെടുക്കാം

വിപണിയില്‍ ഇന്ന് പലതരത്തിലുള്ള ഓട്‌സുകള്‍ ലഭ്യമാണ്. പെട്ടെന്ന് വേവുന്ന ‘ഇൻസ്റ്റന്റ് ഓട്‌സ്’ മിക്കപ്പോഴും അമിതമായി സംസ്‌കരിച്ചവയായിരിക്കും. പകരം സ്റ്റീല്‍ കട്ട് ഓട്‌സോ റോള്‍ഡ് ഓട്‌സോ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇവയില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാൻ കൂടുതല്‍ ഫലപ്രദമാണ്.

2. മധുരവും കൃത്രിമ രുചികളും ഒഴിവാക്കാം

പലരും ഓട്‌സ് രുചികരമാക്കാൻ പഞ്ചസാരയോ കൃത്രിമ സിറപ്പുകളോ ചേർക്കാറുണ്ട്. ഇത് ഓട്‌സിന്റെ ഗുണം ഇല്ലാതാക്കുകയും ശരീരത്തിലെ കാലറി വർധിപ്പിക്കുകയും ചെയ്യും. പഞ്ചസാരയ്ക്ക് പകരം സ്വാഭാവിക മധുരത്തിനായി ആപ്പിള്‍, സ്ട്രോബെറി പോലുള്ള പഴങ്ങള്‍ ചേർക്കാവുന്നതാണ്. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകള്‍ നല്‍കാനും സഹായിക്കും.

3. പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ചേർക്കാം

ഓട്‌സിനൊപ്പം അല്‍പം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടി ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും ഊർജം നിലനിർത്താനും സഹായിക്കും. ഓട്‌സിനൊപ്പം ഒരു പിടി നട്‌സ് (ബദാം, വാല്‍നട്ട്) അല്ലെങ്കില്‍ ചിയാ സീഡ്‌സ് എന്നിവ ചേർക്കുന്നത് ഹൃദയാരോഗ്യത്തിന് ഇരട്ടി ഗുണം നല്‍കും.

ദിവസവും കൃത്യമായ അളവില്‍ ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദീർഘകാലാടിസ്ഥാനത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയസ്തംഭനത്തിനുള്ള സാധ്യത ഒഴിവാക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.