
കോട്ടയം: അഴിമതിക്കാരോടും ക്രിമിനലുകളോടും കയ്യേറ്റക്കാരോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചിരുന്നതും, സമ്മർദ്ദത്തിനും സ്വാധീനത്തിനും വഴിപ്പെടാത്ത ഉദ്യോഗസ്ഥനുമായ
ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസ് സർവ്വീസിൽ നിന്ന് വിരമിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ ചിന്നക്കനാലിൽ പണിത റിസോർട്ടിന് സമീപം 53 സെൻ്റ് സ്ഥലം കൈയ്യേറിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഷാജു ജോസ്. പരാതികളെ തുടർന്ന് ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ആയിരുന്ന ഷാജു ജോസ് നടത്തിയ അന്വേഷണത്തിലായിരുന്നു കൈയ്യേറ്റം സ്ഥിരീകരിച്ചത്

23 വർഷം പോലീസ് സേനയുടെ ഭാഗമായിരുന്ന ഷാജു ജോസ്
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് അടിമാലി, മുണ്ടക്കയം, കിടങ്ങൂർ, ആലപ്പുഴ ജില്ലയിലെ നൂറനാട് എന്നിവിടങ്ങളിൽ എസ് ഐ ആയും ഇടുക്കി വിജിലൻസ്, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, തൊടുപുഴ, മണിമല എന്നിവടങ്ങളിൽ സർക്കിൾ ഇൻസ്‌പെക്ടറായും ജോലി ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ൽ ഡിവൈഎസ്പി ആയി പ്രൊമോഷൻ ലഭിച്ചു. എറണാകുളം ക്രൈം ബ്രാഞ്ച്, തൃശൂർ വിജിലൻസ്, പാലാ സബ് ഡിവിഷൻ എന്നീ സ്ഥലങ്ങളിൽ ഡിവൈഎസ്പി ആയിരുന്നു.
2022 മുതൽ ഇടുക്കി വിജിലൻസ് യൂണിറ്റ് മേധാവി ആയി ജോലി ചെയ്തു വരികയായിരുന്നു.. സർവീസ് കാലയളവിൽ നിരവധി പ്രമാദമായ കേസുകളിൽ സമർത്ഥമായി അന്വേഷണം നടത്തിയിട്ടുണ്ട്. മുണ്ടക്കയം അരവിന്ദൻ കൊലപാതകം, പാലാ സെന്റ് തോമസ് കോളേജിലെ പ്രണയകൊലപാതകം എന്നീ കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകി.. ഇടുക്കി വിജിലൻസ് മേധാവി ആയ കാലഘട്ടത്തിൽ 12 ട്രാപ് കേസുകളിൽ കൈക്കൂലിക്കാരെ ഇരുമ്പഴിക്കുള്ളിലാക്കിയതും ഷാജു ജോസാണ്.
കേരളത്തിലെ ആദ്യ ഡിജിറ്റൽ ട്രാപ് നടത്തി ഇടുക്കി ഡിഎംഒ യെ 2023 ൽ കുടുക്കിയത് ഷാജു ജോസിൻ്റെ നേതൃത്വത്തിലായിരുന്നു.
പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ അധ്യാപികയായ
ജയന്തിയാണ് ഭാര്യ.
മൂത്ത മകൾ സോനാമരിയ ബി. ടെക് വിദ്യാർത്ഥിനിയും, മകൻ ഷോൺ ജോസഫ് പ്ലസ് ടു വിദ്യാർത്ഥിയും, ഇളയ മകൾ സൈറ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.
പൂഞ്ഞാർ പെരിങ്ങളം സ്വദേശിയായ ഷാജു ജോസ് പൊലീസ് സേനയിൽ കയറുന്നതിന് മുൻപ് പെരിങ്ങളം സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ അധ്യാപകനായിരുന്നു. പോലീസിൽ ജോലി കിട്ടിയതോടെ അധ്യാപക ജോലി രാജിവെക്കുകയായിരുന്നു.


