
പത്തനംതിട്ട: കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നസീറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബലാത്സംഗക്കുറ്റത്തിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കയറിയതിന് 7 വർഷം അധിക തടവും കോടതി വിധിച്ചിട്ടുണ്ട്.
2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ടിഞ്ചു മൈക്കിള്‍ എന്ന യുവതിയെ പ്രതി ആക്രമിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ അന്വേഷണം തുടക്കത്തിൽ പ്രതിസന്ധിയിലായിരുന്നു.
തുടർന്ന് കേസ് കേരള ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് ശാസ്ത്രീയ അന്വേഷണമാണ് നടത്തിയത്. മൃതദേഹത്തിന്റെ നഖത്തിൽ നിന്നെടുത്ത സാമ്പിളും നസീറിന്റെ രക്തസാമ്പിളുമായി പൊരുത്തപ്പെട്ടതോടെ പ്രതിയുടെ പങ്ക് വ്യക്തമായി. സംഭവദിവസം വീടിനുസമീപം ഉണ്ടായിരുന്നവരെ തുടർച്ചയായി ചോദ്യം ചെയ്തതും അന്വേഷണത്തിന് നിർണായകമായി.
ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് യുവതിയുടെ സുഹൃത്ത് ടിജിനെ സംശയത്തെ തുടർന്ന് പ്രതിയാക്കി ചോദ്യം ചെയ്തത് വിവാദമായിരുന്നു. ടിജിന്റെ പരാതിയെ തുടർന്ന് 2020 ഫെബ്രുവരിയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. പിന്നീട് 20 മാസങ്ങൾക്ക് ശേഷം യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘത്തിന് സാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

