ട്രെയിനില്‍ ടിക്കറ്റില്ലാതെ കയറിയോ?; ടിടിഇ ക്രിമിനലിനോടെന്ന പോലെ പെരുമാറിയോ?; പരിഭ്രമിക്കേണ്ട; യാത്രക്കാര്‍ക്കുള്ള ഈ അവകാശങ്ങള്‍ അറിഞ്ഞിരുന്നാൽ മതി

Spread the love

ട്രയിൻ കിട്ടാനുള്ള തിരക്ക് മൂലമോ അല്ലെങ്കില്‍ ഓണ്‍ലൈൻ ബുക്കിംഗിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലമോ അപ്രതീക്ഷിതമായി ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറേണ്ടി വന്നത് ചിലരെങ്കിലും ഒരിക്കലെങ്കിലും നേരിട്ട പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ടിടിഇയെ (TTE) കൂടി കണ്ടാല്‍ പിന്നെ തീർന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും, റെയില്‍വേ നിയമങ്ങള്‍ യാത്രക്കാർക്ക് ചില അവകാശങ്ങള്‍ നല്‍കുന്നുണ്ടെന്നും നിങ്ങള്‍ക്ക് അറിയാമോ ?

video
play-sharp-fill

ടിക്കറ്റില്ലാത്ത യാത്രക്കാരോട് ഒരു ക്രിമിനലിനോടെന്ന പോലെ പെരുമാറാൻ ടിടിഇക്ക് നിയമപരമായി അധികാരമില്ല. യാത്രക്കാരനില്‍ നിന്നും യാത്രാക്കൂലിയും നിശ്ചിത പിഴയും ഈടാക്കി അവർക്ക് യാത്ര തുടരാൻ സാധുതയുള്ള ടിക്കറ്റ് നല്‍കുകയാണ് ടിടിഇ ചെയ്യേണ്ടത്. പണം ഈടാക്കുമ്പോള്‍ അതിന് കൃത്യമായ റെസീപ്റ്റ് (Receipt) നല്‍കണമെന്നത് നിർബന്ധമാണ്; റെസീപ്റ്റ് ഇല്ലാതെ യാത്രക്കാരില്‍ നിന്നും പണം വാങ്ങാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല.

യാത്രക്കാരെ ഭീഷണിപ്പെടുത്താനോ അവരോട് മോശമായ രീതിയില്‍ സംസാരിക്കാനോ ടിടിഇക്ക് അവകാശമില്ലെന്ന് റെയില്‍വേ ചട്ടങ്ങള്‍ പറയുന്നു. നിയമങ്ങള്‍ വിശദീകരിച്ച്‌ നല്‍കുകയും മാന്യമായി പെരുമാറുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. പ്രത്യേകിച്ച്‌ സ്ത്രീകള്‍, മുതിർന്ന പൗരന്മാർ, രോഗികള്‍ എന്നിവരോട് വളരെ മൃദുവായ രീതിയില്‍ മാത്രമേ ഇടപെടാവൂ എന്ന് നിയമം അനുശാസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്കുള്ള നിബന്ധന നിങ്ങളുടെ കൈവശം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ആണുള്ളതെങ്കില്‍, സ്ലീപ്പർ അല്ലെങ്കില്‍ എസി കോച്ചുകളില്‍ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജനറല്‍ കോച്ചിലേക്ക് മാറാൻ ടിടിഇ ആവശ്യപ്പെട്ടേക്കാം. എന്നാല്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ യാത്രക്കാരെ പെട്ടെന്ന് ട്രെയിനില്‍ നിന്നും പുറത്താക്കാൻ അവർക്ക് കഴിയില്ല.

പരാതികള്‍ എങ്ങനെ നല്‍കാം?

 

ടിടിഇയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമോ, കൈക്കൂലി ആവശ്യപ്പെടലോ ഉണ്ടായാല്‍ യാത്രക്കാർക്ക് താഴെ പറയുന്ന മാർഗങ്ങളിലൂടെ പരാതിപ്പെടാവുന്നതാണ്:

 

139 എന്ന റെയില്‍വേ ഹെല്‍പ്പ്‌ലൈൻ നമ്പറില്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാം.

‘റെയില്‍ മദദ്’ (Rail Madad) ആപ്പ് വഴി പരാതി രജിസ്റ്റർ ചെയ്യാം.

പരാതി നല്‍കുമ്പോള്‍ ട്രെയിൻ നമ്പർ, കോച്ച്‌ നമ്പർ, സംഭവത്തിന്റെ വിശദാംശങ്ങള്‍ എന്നിവ കൃത്യമായി നല്‍കാൻ ശ്രദ്ധിക്കണം. ഈ നിയമങ്ങളെക്കുറിച്ച്‌ ബോധവാന്മാരായിരിക്കുന്നത് സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രയ്ക്ക് സഹായിക്കുമെന്ന് സ്രോതസ്സുകള്‍ ചൂണ്ടിക്കാട്ടുന്നു.