
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ നടൻ ജയറാമിന് പ്രത്യേക അന്വേഷണസംഘം (SIT) ക്ലീൻചിറ്റ് നല്‍കി. കൊള്ളയുമായി നടന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളുമായി അദ്ദേഹം സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ എസ്‌ഐടി, ഇനിയൊരു ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും അറിയിച്ചു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചാണ് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ജയറാം വ്യക്തമായ മൊഴി നല്‍കിയിരുന്നു.
ശബരിമലയില്‍ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും പൂജകള്‍ക്കായി അദ്ദേഹം പലതവണ തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും നടൻ വെളിപ്പെടുത്തി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണ്ണായക ഘട്ടമായ ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും പൂജാ സമയത്ത് ജയറാം സന്നിഹിതനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇത് പോറ്റിയുടെ ആവശ്യപ്രകാരം ആചാരപരമായ ഒരു ചടങ്ങില്‍ പങ്കെടുത്തതാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു.
ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയത് സ്വാഭാവികമായ പിശക് മാത്രമാണെന്നും അതില്‍ ദുരൂഹതയില്ലെന്നുമാണ് എസ്‌ഐടി നിഗമനം. കേസില്‍ ജയറാം പ്രതിയാകില്ലെങ്കിലും കുറ്റപത്രത്തിലെ പ്രധാന സാക്ഷികളില്‍ ഒരാളായി അദ്ദേഹത്തെ ഉള്‍പ്പെടുത്തും.
സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.



