
കോട്ടയം: നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം എസ്.എന്‍.ഡി.പി യോഗത്തിന്റെ തീര്‍ത്ഥാടന കേന്ദ്രമാക്കുമെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ശിവഗിരി തീര്‍ഥാടനത്തിനു പ്രവര്‍ത്തകര്‍ നാഗമ്പടം സന്ദര്‍ശിച്ചു പോകണമെന്ന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്മഭൂഷണ്‍ ആദരവ് ലഭിച്ച വെള്ളാപ്പള്ളി നടേശനു നാഗമ്പടം ക്ഷേത്രോത്സവ വേദിയില്‍ കോട്ടയം യൂണിയന് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവഗിരി പോലെ നാഗമ്പടവും പ്രാധാന്യം അര്‍ഹിക്കുന്ന പുണ്യഭൂമിയാണ്. ശിവഗിരി തീര്‍ഥാടനത്തിന് അനുമതി ലഭിച്ച പുണ്യഭൂമിയെന്ന നിലയില്‍ നാഗമ്പടത്തിന്റെ പ്രശസ്തി ഇനിയും ഉയരേണ്ടതുണ്ട്.
ക്ഷേത്രങ്ങള്‍ സേവന കേന്ദ്രങ്ങള്‍ കൂടിയാവണം. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ സാധുക്കളെ സഹായിക്കാനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഈ മാതൃക നാഗമ്പടത്തും നടപ്പാക്കണം. അതിനായി 10 ലക്ഷം രൂപ നല്‍കും. ഗുരുമന്ദിരങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കേണ്ടതാണ്. നാട്ടില്‍ സമാധാനം നിലനില്ക്കാന് കാരണം ഗുരുദര്‍ശനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുദര്‍ശനങ്ങള്‍ ഉരുവിടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ഗുരുമന്ദിരങ്ങളിലാണ്. കര്‍ണാകടയില്‍ ഗുരുമന്ദിരങ്ങള് പണിയാന്‍ രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ കൊടുക്കും. സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്തത് മന്ത്രി വാസവന് മാത്രമാണ്. പദ്മഭൂഷണ്‍ മമ്മൂട്ടി അര്‍ഹനാണ്. തനിക്കു കിട്ടിയ പദ്മഭൂഷണ്‍ ബഹുമതിക്കു സമുദായത്തില്‍പ്പെട്ട എല്ലാവരും അവകാശികളാണ്. കിട്ടിയതിന്റെ പേരില്‍ അഹങ്കാരമോ കിട്ടാത്തതിന്റെ പേരില്‍ ദുഖമോയില്ല. യോഗത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
പണം കൊടുത്ത് യൂ ട്യൂബിലൂടെ തന്നെ ചീത്ത പറയിക്കുന്നു. എന്നാലും താന്‍ കുലുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ശര്‍ക്കരകൊണ്ട് ജനറല്‍ സെക്രട്ടറി ക്ഷേത്രനടയില്‍ തുലാഭാരവും നടത്തി. യൂണിയന് കണ്‍വീനര്‍ സുരേഷ് പരമേശ്വരന് അദ്ധ്യക്ഷത വഹിച്ചു.
ശിവരാത്രി സഹസ്ര കുംഭാഭിഷേകത്തിന്റെ നോട്ടീസ് പ്രകാശനം എസ്.എന്‍.ട്രസ്റ്റ് അംഗം പ്രീതി നടേശന് നിര്‍വഹിച്ചു. യൂണിയന് ജോ. കണ്‍വീനര്‍ വി.ശശികുമാര്‍, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ എസ്. ദേവരാജന്‍, കോ-ഓര്‍ഡിനേറ്റര്‍ എസ്.ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.



