അവധിക്കാലം ആഘോഷിക്കാൻ മമ്മൂട്ടിയും കുടുംബവും അമേരിക്കയിൽ: തിരിച്ചെത്തിയാൽ ഉടൻ നയൻതാരയുമൊത്ത് ചേരും
സിനിമാ ഡെസ്ക്
ചെന്നൈ: അമേരിക്കയിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധക ലോകം. മമ്മൂട്ടിയുടെ തിരിച്ച് വരവിന് ശേഷമാവും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാകുക.
ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന വിപിന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഈ താരജോടികള്‍ വീണ്ടും ഒരുമിക്കുന്നത്.
തസ്കര വീരന്, രാപ്പകല്‍, ഭാസ്കര്‍ ദ റാസ്ക്കൽ, പുതിയ നിയമം എന്നിവയാണ് മമ്മൂട്ടിയുടെ നായികയായി നയന്‍താര അഭിനയിച്ച മലയാള ചിത്രങ്ങള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ കുടുംബ സമേതം ലണ്ടനില്‍ അവധിക്കാലമാഘോഷിക്കുന്ന മമ്മൂട്ടി ആഗസ്റ്റ് 11ന് തിരിച്ചെത്തും. 12 മുതല്‍ മമ്മൂട്ടി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ ജോയിന്‍ ചെയ്യും.
ഷൈലോക്ക് പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബറില്‍ മമ്മൂട്ടി വിപിന്റെ ചിത്രത്തിലഭിനയിച്ച് തുടങ്ങും.
ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കും നയന്താരയ്ക്കുമൊപ്പം തമിഴിലെ ഒരു പ്രമുഖ യുവതാരവും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.
താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ഉടനുണ്ടാകുമെന്നറിയുന്നു.
അതേസമയം ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന നയന്‍താര - നിവിന്‍പോളി ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ ഓണത്തിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്ക് ഒാണം റിലീസില്ല. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്വന് ഒാണം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുശേഷമേ റിലീസ് ചെയ്യൂ.
ഹനീഫ് അദേനിയുടെ രചനയില്‍ വിനോദ് വിജയന് സംവിധാനം ചെയ്യുന്ന അമീര്‍, അമല്‍നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍, കെ.മധു - എസ്.എന്‍. സ്വാമി ടീമിന്റെ സി.ബി.െഎ അഞ്ചാംഭാഗം, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.
പേരന്‍പിനുശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്.