
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷമായ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന സതീശന്റെ തീരുമാനം കേവലമൊരു വ്യക്തിഗത തീരുമാനമല്ലെന്നും, അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഡീൽ അന്നെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക-ഇതാണ് ഈ ‘ഡീലിന്റെ’ അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചർച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശൻ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നില്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പിലെ യഥാർത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് എന്ന് സതീശൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? സംഘപരിവാർ അജണ്ടകള്‍ കേരളത്തില്‍ നടപ്പിലാക്കാൻ ശ്രമിക്കുമ്പോള്‍, അത് സതീശന് ഒരു ‘യഥാർത്ഥ വിഷയമായി’ തോന്നാത്തത് എന്തുകൊണ്ടാണ്? ഈ മണ്ണില്‍ വർഗീയത വിതയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി നേരിടേണ്ട വിഷയം തന്നെയല്ലേ?
ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി.ഡി. സതീശൻ കൈക്കൊള്ളുന്നത്. വർഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത്. ഉന്നയിച്ച രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നതിന് പകരം, വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചർച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് എപ്പോഴും ശ്രമിക്കുന്നത്. യഥാർത്ഥത്തില്‍ വി ഡി സതീശനെ നിയന്ത്രിക്കുന്നത് പി ആർ ഏജൻസികളാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കനഗോലു ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങള്‍ തന്നെയാണ്.
“പബ്ലിസിറ്റി തരല്ലേ” എന്ന് കേഴുന്ന സതീശൻ യഥാർത്ഥത്തില്‍ ഭയപ്പെടുന്നത് ജനങ്ങള്‍ക്ക് മുന്നില്‍ തന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടുമെന്നതാണ്. തോട്ടിയിട്ട് പിടിക്കാൻ നോക്കുന്നു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പരിഹാസ്യമാണ്. രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാൻ കെല്‍പ്പില്ലാത്തവരാണ് ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്.
ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാൻ നടത്തുന്ന ഈ നാടകങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല. വികസനവും മതേതരത്വവും ചർച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും.



