play-sharp-fill
കനത്ത മഴ തുടരുന്നു: നാല് ജില്ലകളിൽ വ്യാഴാഴ്ച അവധി: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻമേഖലകൾ വെള്ളത്തിൽ

കനത്ത മഴ തുടരുന്നു: നാല് ജില്ലകളിൽ വ്യാഴാഴ്ച അവധി: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻമേഖലകൾ വെള്ളത്തിൽ

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയെ തുടർന്ന് നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.  കണ്ണൂർ കോഴിക്കോട് മലപ്പുറം ഇടുക്കി   വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വ്യാഴാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ ഇരിട്ടി താലൂക്കിൽ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കാലവർഷം ശക്തമായി തുടരുന്നതിനൊപ്പം പലയിടത്തും കാറ്റും മണ്ണിടിച്ചിലും രൂക്ഷമായി. ഈ സാഹചര്യത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതും.
കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായിരിക്കുകയാണ്.  വാകത്താനത്ത് വീടിനു മുകളിൽ മരം വീണപ്പോൾ, ഗാന്ധിനഗറിൽ ഓട്ടോറിക്ഷയ്ക്ക് മുകളിലാണ് മരം വീണത്. ആലപ്പുഴയിൽ ട്രെയിൻ ഗതാഗതത്തെയും കനത്ത മഴ ബാധിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ പലതും കോട്ടയം വഴി വഴി തിരിച്ചു വിട്ടിട്ടുണ്ട്.
വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് ബുധനാഴ്ച ഉണ്ടായത്. ഇടുക്കിയിലും മഴ തുടരുകയാണ്. വ്യാഴാഴ്ച കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്ര മുന്നറിയിപ്പ് നൽകി.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. ചാലിപ്പുഴ കരകവിഞ്ഞതോടെ ചെമ്പുകടവ്,പറപ്പറ്റ പാലങ്ങൾ വെള്ളത്തിനടയിലായി. നിരവധി വീടുകളിലും വെള്ളം കയറി. കൊടിയത്തൂർ, മുക്കം, കാരശേരി,മാവൂർ പഞ്ചായത്തുകളിലെ  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്‌സ് അധികൃതർ മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് വ്യാപകനാശനഷ്ടമാണ് ഉണ്ടായി.നിരവധി വീടുകൾ മരം വീണ് തകർന്നു. വാഹനങ്ങൾക്കും കേടുപറ്റി. വൈദ്യുതി ബന്ധവും താറുമാറായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പട്ടു. എന്നാൽ പ്രകൃതിക്ഷോഭത്തിൽ ആളപായമില്ല. വെള്ളം നിറഞ്ഞതിനെ തുടർന്ന് ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിൻറെ ഷട്ടറുകൾ ഉയർത്തി.
കണ്ണൂർ ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. വടക്കൻ കേരളത്തിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയർന്നു. വയനാട് കുറിച്യർ മലയിൽ ഇന്ന് പുലർച്ചെ മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പാലക്കാട്ടെ അട്ടപ്പാടി,ഷോളയൂർ, അഗളി, നെല്ലിയാമ്പതി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ഇന്നു ലഭിച്ചത്. ഇടുക്കിയിലും ശക്തമായ മഴ ലഭിക്കുകയാണ്. വയനാട് ജില്ലയിൽ 5 ക്യാമ്പുകളിലായി 92 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ ഇന്ന് ശരാശരി 100.9 മില്ലി മീറ്റർ മഴ ലഭിച്ചതായാണ് വിവരം.  ഈ മൺസൂൺ സീസണിൽ വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ബുധനാഴ്ചയാണ്.