
കൊച്ചി: വാക്കുതർക്കത്തിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വഴക്കിനിടെ ഇങ്ങനെ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഇത് വ്യക്തമാക്കിയത്.
അധ്യാപകനായ ഹർജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹർജിക്കാരൻ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്. 2023-ലാണ് കേസിനാസ്പദമായ സംഭവം.
ഹർജിക്കാരൻ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ വിടുതൽ ഹർജി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത്.



