play-sharp-fill
മൂന്നാം ദിവസം 2.87 ലക്ഷം: ആകെ പിടിച്ചത് 366 കേസുകൾ; അപകടം കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പ് പൊലീസ് സംയുക്ത പരിശോധന റോഡുകളിൽ തുടരുന്നു

മൂന്നാം ദിവസം 2.87 ലക്ഷം: ആകെ പിടിച്ചത് 366 കേസുകൾ; അപകടം കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പ് പൊലീസ് സംയുക്ത പരിശോധന റോഡുകളിൽ തുടരുന്നു

സ്വന്തം ലേഖകൻ
കോട്ടയം: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധന ജില്ലയിൽ തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പരിശോധന നടക്കുന്നത്. മൂന്നാം ദിവസമായ ബുധനാഴ്ച 366 വാഹനങ്ങളിൽ നിന്നായി 2,87,250 രൂപ പിഴയായി ഈടാക്കി. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത 113 ഇരുചക്ര വാഹന യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 184 പേർക്കെതിരായും നടപടിയെടുത്തു. പരിശോധന ആരംഭിച്ച ആഗസ്റ്റ് അഞ്ചിന് 1.95 ലക്ഷം രൂപയാണ് മോട്ടോർ വാഹന വകുപ്പിന് പിഴ ഇനത്തിൽ ലഭിച്ചത്. ചൊവ്വാഴ്ച രണ്ടു ലക്ഷം രൂപ പിഴയായി ലഭിച്ചപ്പോൾ ബുധനാഴ്ച ഇത് 2.87 ലക്ഷം രൂപയായി ഉയർന്നു.
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിലുള്ള അഞ്ചു സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 2.52 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. കോട്ടയം ആർ.ടി.ഒ വി.എം ചാക്കോയുടെ നേതൃത്വത്തിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഉഴവൂർ, വൈക്കം സബ് ആർ.ടി ഓഫിസുകളുടെ നേതൃത്വത്തിലും പ്രത്യേകം പരിശോധന നടത്തിയിരുന്നു. ചങ്ങനാശേരി സബ് ആർ.ടി.ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 11500 രൂപയാണ് പിഴയായി ഈടാക്കിയത്. 27 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. കോട്ടയത്ത് 13 വാഹനങ്ങളിൽ നിന്നായി 9100 രൂപയും, പാലായിൽ 23 വാഹനങ്ങളിൽ നിന്നായി 4700 രൂപയും, വൈക്കത്ത് 14 വാഹനങ്ങളിൽ നിന്നായി 1400 രൂപയും, ഉഴവൂരിൽ 32 വാഹനങ്ങളിൽ നിന്നായി 7300 രൂപയും പിഴയായി ഈടാക്കി.