
പാലക്കാട്: നെന്മാറയില്‍ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മൂന്ന് ലക്ഷം രൂപയാണ് ധനസഹായമായി അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് തുക അനുവദിച്ചത്. പണം ഉടന്‍ സുധാകരന്റെ കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാണ് തീരുമാനം. സര്‍ക്കാര്‍ സുധാകരന്റെ കുടുംബത്തിന് സംരക്ഷണവും സഹായങ്ങളും നല്‍കാത്തതില്‍ കുടുംബം നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു. നേരത്തെ മന്ത്രിസഭാ യോഗമായിരുന്നു ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ ലഭിച്ചില്ലെന്നും സുധാകരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞെങ്കിലും നടപ്പാക്കിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. പ്രതിയെ ഭയന്ന് പലരും സ്ഥലത്ത് നിന്ന് താമസം മാറിയെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2025 ജനുവരിയിലാണ് പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമുണ്ടായത്. സംഭവത്തില്‍ ലക്ഷ്മിയെന്ന 75 കാരിയെയും 56കാരനായ മകന്‍ സുധാകരനെയും അയല്‍വാസിയായ ചെന്താമര കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. നിലവില്‍ ഇയാള്‍ ജയിലില്‍ തുടരുകയാണ്.



