ശബരിമല ദര്‍ശനം; ഇനി ബുക്ക് ചെയ്ത് ‘മുങ്ങരുത്’, തടയാൻ കർശന നടപടികളുമായി ഹൈക്കോടതി

Spread the love

കൊച്ചി: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് വരാതിരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ കർശന നടപടികളുമായി ഹൈക്കോടതി. ഇതിനായി നിലവിലെ ബുക്കിങ് ഫീസ് ഉയർത്തണമെന്നു സ്പെഷ്യല്‍ കമ്മീഷണർ കോടതിക്കു ശുപാർശ നല്‍കി.

video
play-sharp-fill

കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർഥാടന സമയത്ത് വെർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ലോട്ടുകള്‍ തീരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ബുക്ക് ചെയ്തവരില്‍ പലരും ദർശനത്തിനു എത്തിയില്ല.

പല ദിവസങ്ങളിലും പകുതിയോളം ആളുകള്‍ എത്തിയിരുന്നില്ല. ഇതോടെ ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കു അവസരം നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി. ഇതോടെയാണ് നിർണായക ഇടപെടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെർച്വല്‍ ക്യൂ ബുക്കിങിന് 5 രൂപ മാത്രമാണ് നിലവില്‍ ചെലവ് വരുന്നത്. ഇത്ര ചെറിയ തുക നഷ്ടപ്പെട്ടാലും പ്രശ്‌നമില്ലെന്ന് കരുതി പലരും ബുക്ക് ചെയ്യുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണം.

ബുക്കിങ് ഫീസ് ഉയർത്തി ദർശനം പൂർത്തിയാക്കി മടങ്ങുന്ന ഭക്തർക്കു ഈ തുകയില്‍ നിന്നു ഒരു നിശ്ചിത ഭാഗം തിരികെ നല്‍കുകയും ചെയ്യുക എന്നതാണ് നിലവില്‍ പരിഗണിക്കുന്ന പ്രധാന നിർദ്ദേശം. സെപ്റ്റംബറിനു മുൻപ് തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഹൈക്കോടതി നീക്കം.

ഇക്കാര്യത്തില്‍ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് കോടതി തേടിയിട്ടുണ്ട്. ബുക്കിങ് ഫീസ് ഉയർത്തുന്നതും പിന്നീട് പണം മടക്കി നല്‍കുന്നതും പ്രായോഗികമായി കുറച്ച്‌ സങ്കീർണമായ നടപടിയാണ്. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വ്യക്തമായ മാനദണ്ഡം ആവശ്യമാണെന്ന് കോടതി കരുതുന്നു.