
തിരുവനന്തപുരം: വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കാൻ കഴിയില്ലെന്ന് കെഎസ്‌ആർടിസി വ്യക്തമാക്കി.
കോർപ്പറേഷന് ഇത്തരമൊരു അധിക സാമ്പത്തിക ബാധ്യത നിലവിലെ സാഹചര്യത്തില്‍ താങ്ങാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
ആർത്തവാവധി ആവശ്യപ്പെട്ടുകൊണ്ട് വനിതാ ജീവനക്കാർ നല്‍കിയ ഹർജിയിലാണ് കെഎസ്‌ആർടിസി ഹൈക്കോടതിയില്‍ ഈ നിലപാടറിയിച്ചത്. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയാണ് ജീവനക്കാർ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.
ആർത്തവാവധി അനുവദിക്കുന്നത് ബസ് സർവീസുകളെ ഗുരുതരമായി ബാധിക്കുമെന്നും കെഎസ്‌ആർടിസി കോടതിയെ അറിയിച്ചു. ഒരേസമയം കൂടുതല്‍ വനിതാ ജീവനക്കാർ അവധിയില്‍ പ്രവേശിക്കുന്നത് ദൈനംദിന സർവീസുകള്‍ മുടങ്ങാൻ കാരണമാകുമെന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, ആർത്തവാവധി അനുവദിക്കുക എന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോർപ്പറേഷന് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയില്ലെന്നും കെഎസ്‌ആർടിസി വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, അയല്‍സംസ്ഥാനമായ കർണാടകയില്‍ ആർടിസി വനിതാ ജീവനക്കാർക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
18 മുതല്‍ 52 വയസ് വരെയുള്ള ജീവനക്കാർക്ക് കർണാടക സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നല്‍കുന്നത്. എന്നാല്‍ കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധിയും സർവീസ് മുടങ്ങാനുള്ള സാധ്യതയുമാണ് ഈ ആവശ്യത്തിന് തടസ്സമായി കെഎസ്‌ആർടിസി ഉന്നയിക്കുന്നത്.



