
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത മരണവാർത്തയെ തുടർന്ന് കേരള നിയമസഭയിൽ അനുശോചനം രേഖപ്പെടുത്തി. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് അജിത് പവാർ വിമാനാപകടത്തിൽ മരിച്ചെന്ന വിവരം ലഭിച്ചത്. ഇതോടെ സഭ നിർത്തിവെച്ച് അംഗങ്ങൾ മൗനം ആചരിച്ചു.
അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ ദുരന്തവാർത്തയാണിതെന്ന് എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും വനം മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ പറഞ്ഞു. സഹോദരനെ നഷ്ടപ്പെട്ട വേദനയാണെന്നും അജിത് പവാറിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അജിത് പവാറടക്കം അഞ്ച് പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ, സഹായി, പൈലറ്റ്, മറ്റൊരു ജീവനക്കാരൻ എന്നിവരാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്. വിമാനം പൂർണമായും കത്തി നശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാരാമതിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലാൻഡ് ചെയ്യുന്നതിനിടയിൽ വിമാനം താഴെയെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് തീപിടിച്ച് കത്തിയമർന്ന വിമാനം അരമണിക്കൂറിന് ശേഷമാണ് നിയന്ത്രണവിധേയമാക്കാനായത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



