
കണ്ണൂർ: കുളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന ഒൻപത് വയസ്സുള്ള രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കരിവെള്ളൂരിലെ അഞ്ച് കൂട്ടുകാർക്ക് രാഷ്ട്രപതിയുടെ ജീവൻരക്ഷാ മെഡൽ.
പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി സി. യദുനന്ദ്, സഹോദരൻ കരിവെള്ളൂർ എ.വി. സ്മാരക സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സി. ഋതുനന്ദ്, ഒൻപതാം ക്ലാസ് വിദ്യാർഥി കെ.പി. ആകാശ്, കൊടക്കാട് കെഎംവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി ഹാർഷിക് മോഹൻ, മാന്യഗുരു യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി കെ. വൈശാഖ് എന്നിവരാണ് ജീവൻരക്ഷാ മെഡലിന് അർഹരായത്.
2024 ഒക്ടോബറിലാണ് സംഭവം. സ്കൂൾ അവധി സമയത്ത് അടുത്തുള്ള വയലിൽ കളിക്കാൻ പോവുകയായിരുന്നു അഞ്ചുപേരും. വഴിയരികിലെ കുളത്തിന്റെ കരയിലിരിക്കുകയായിരുന്ന കുട്ടികളോട് വെള്ളം കയറിയ സമയമാണ് ഇറങ്ങരുത് എന്ന് പറഞ്ഞ ശേഷമാണ് അഞ്ചുപേരും വയലിലേക്ക് പോയത്. വയലിൽ ചെളി നിറഞ്ഞതിനാൽ മടങ്ങിവരുമ്പോഴാണ് കുളത്തിൽ മുങ്ങിത്താഴുന്ന കുട്ടികളെ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൈയിലുണ്ടായിരുന്ന വടിയുമായി യദുനന്ദ് കുളത്തിലേക്കിറങ്ങി. വടി നീക്കിക്കൊടുത്ത് ഒരു കുട്ടിയെ രക്ഷിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുട്ടി താഴ്ന്നുപോയിരുന്നു. ഇടയ്ക്ക് ഒന്ന് ഉയർന്ന് വന്നപ്പോൾ കൈയിൽ പിടിത്തം കിട്ടി. ബാക്കി നാലുപേരും യദുനന്ദിനെ സഹായിച്ചു. കുറച്ചു വെള്ളം കുടിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
കരിവെള്ളൂർ വടക്കുമ്പാട്ടെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽനിന്നാണ് കരിവെള്ളൂർ സെൻട്രൽ എൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളായിരുന്ന ഋത്വിക്, പ്രകൃതീശ്വരൻ എന്നിവരെയാണ് ഇവർ രക്ഷപ്പെടുത്തിയത്.
രണ്ട് കുട്ടികളെയും വീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് അഞ്ചുപേരും വീടുകളിലേക്ക് മടങ്ങിയത്. പേടികൊണ്ട് ആരും സംഭവം നടന്ന കാര്യം പുറത്തു പറഞ്ഞില്ല. രാജ്യത്തെ 18 കുട്ടികൾക്കാണ് ജീവൻരക്ഷാപതക് ലഭിച്ചത്.



