
കോട്ടയം: മെഡിക്കല്‍ കോളജിലെ പുതിയ ആധുനിക സർജിക്കല്‍ ബ്‌ളോക്ക് അടക്കമുള്ള 11 വികസനപദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് മൂന്നുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
പരിപാടിയുടെ വിജയത്തിനായി സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ ചേർന്ന യോഗത്തില്‍ രൂപീകരിച്ചു.
283 കോടി രൂപ ചെലവിട്ടു പൂർത്തിയാക്കിയ വികസനപദ്ധതികളാണ് മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്നത്. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളും അടങ്ങുന്നതാണ് പുതിയ സർജിക്കല്‍ ബ്‌ളോക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ടാമത്തെ കാത്ത് ലാബ്, 32 സ്‌ളൈഡ് സി.ടി. സ്‌കാൻ, നവീകരിച്ച ഒ.പി. വിഭാഗം, സ്‌കിൻ ബാങ്ക്, പാരാ മെഡിക്കല്‍ ഹോസ്റ്റല്‍, മാതൃ നവജാത ശിശു പരിചരണ വിഭാഗം, മുലപ്പാല്‍ സംഭരണ ബാങ്ക്, ക്രഷ്, ആശുപത്രിയുടെ പുതിയ കവാടം എന്നിവയാണ് ഉദ്ഘാടനത്തിനു സജ്ജമായിട്ടുള്ളത്.
ജനറല്‍ മെഡിസിൻ വിഭാഗത്തില്‍ 74 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെ നിർമാണോദ്ഘാടനവും ചടങ്ങില്‍ നടക്കും.
സ്വാഗതസംഘം രൂപീകരണത്തിനു മുന്നോടിയായി മന്ത്രി വി.എൻ. വാസവന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതി യോഗം ചേർന്നു.
ആശുപത്രിയിലെ കാർഡിയാക് റീഹാബാലിറ്റേഷൻ യൂണിറ്റിലേക്ക് വേണ്ട ഉപകരണങ്ങള്‍, കാർഡിയോളജി വിഭാഗത്തിലേക്കുള്ള ആധുനിക എക്കോ മെഷീൻ, യൂറോളജി വിഭാഗത്തിലേക്കുള്ള സി.ആർ. മെഷീൻ, ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേയ്ക്കുള്ള അത്യാധുനിക വെന്റിലേറ്റർ എന്നിവക്കായി രണ്ടുകോടി രൂപയുടെ സി.എസ്.ആർ. ഫണ്ടുകളും ആശുപത്രിക്ക് ലഭ്യമായിട്ടുണ്ട് എന്നു യോഗം അറിയിച്ചു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ,
ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ജയ്‌മോൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഒ.എ. സണ്ണി, ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്, ഗ്രാമപഞ്ചായത്തംഗം റോസിലി ടോമി, മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ എന്നിവർ, സംഘടനാ പ്രതിനിധികള്‍ എന്നിവർ യോഗങ്ങളില്‍ പങ്കെടുത്തു.



