
തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫി അണ്ടർ–23 ക്രിക്കറ്റ് മത്സരത്തിൽ ജമ്മു കശ്മീരിനെ പരാജയപ്പെടുത്തി കേരളത്തിന് വിജയം. 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ജമ്മു കശ്മീർ 171 റൺസിന് ഓൾ ഔട്ടായതോടെ കേരളം 88 റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് കേരളം നടത്തിയത്. ഒൻപത് വിക്കറ്റിന് 142 റൺസ് എന്ന നിലയിൽ അവസാന ദിവസം ബാറ്റിംഗ് ആരംഭിച്ച ജമ്മു കശ്മീരിന് അധികം നേരം പിടിച്ചു നിൽക്കാനായില്ല. മധ്യനിര ബാറ്റർ റൈദ്ദാമിന്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തിന്റെ ജയം കുറച്ച് വൈകിപ്പിച്ചത്. 63 റൺസ് നേടിയ റൈദ്ദാമിനെ പവൻ രാജ് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് കശ്മീരിന്റെ ഇന്നിങ്സ് 171 റൺസിൽ അവസാനിച്ചത്. റൈദ്ദാം തന്നെയായിരുന്നു ടീമിന്റെ ടോപ് സ്കോറർ.
കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാല് വിക്കറ്റും പവൻ രാജ് മൂന്ന് വിക്കറ്റും ഷോൺ റോജർ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സീസണിൽ സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന്റെ ആദ്യ ജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയ, ഗോവ, ഝാർഖണ്ഡ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. അടുത്ത മത്സരം 30-ന് മേഘാലയയ്‌ക്കെതിരെയാണ്.



