
കൊച്ചി: കൊച്ചി നഗരത്തിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി പോലീസ്. ഇന്നലെ നടന്ന വൻ രാസലഹരി വേട്ടയില്‍ ഈരാറ്റുപേട്ട സ്വദേശിനിയായ യുവതി ഉൾപ്പെടെ അഞ്ചു പേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി.
കോഴിക്കോട് പെരിങ്ങോലം സ്വദേശി അർജുൻ വി. നാഥ് (32), എറണാകുളം വട്ടേക്കുന്നം സ്വദേശി അനസ് (34), കോട്ടയം ഈരാറ്റുപേട്ട സ്വദേശിനി ഫെബിന (27), കണ്ണൂർ പാപ്പിനിശേരി സ്വദേശി ജാസിഫ് (33), പശ്ചിമബംഗാള്‍ സ്വദേശി മസുദുല്‍ ബിശ്വാസ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ചേരാനല്ലൂരിലെ ലോഡ്ജിൽ നിന്നും വാഴക്കാല മൂലേപ്പാടം ഭാഗത്തുള്ള ലോഡ്ജിൽ നിന്നുമായി 716 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. സംഭവത്തിൽ ഡൽഹിയിൽ നിന്ന് രാസലഹരി കൊണ്ടുവന്നിരുന്ന കണ്ണിയിലെ പ്രധാനിയായ അർജുൻ വി നാഥിനെ കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേരാനല്ലൂര്‍ പോലീസും ചേർന്ന് പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപം കൊച്ചി സിറ്റി ഡാന്‍സാഫും ചേരാനല്ലൂർ, കളമശേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് നാലു പ്രതികൾ കുടുങ്ങിയത്. കളമശേരിയിലെ ഹോട്ടൽ മുറിയിൽ നിന്നാണ് അനസ്, ഫെബിന എന്നിവരെ പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 2.20 ഗ്രാം എംഡിഎംഎയും 0.84 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പ്രതികൾക്ക് രാസലഹരി എത്തിച്ചു നൽകിയ ജാസിഫ്, മസുദുല്‍ ബിശ്വാസ് എന്നിവരെ 3.89 ഗ്രാം എംഡിഎംഎയുമായി കളമശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപത്തു നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.



