പൂഞ്ഞാറിലെ മത്സരം ഇക്കുറി എങ്ങനെ ? പി.സി.ജോർജ് തന്നെയാകുമോ സ്ഥാനാർത്ഥി ? കേരളം ഉറ്റുനോക്കുന്ന മണ്ഡലം: ഇതുവരെ കൈവിടാത്ത പൂഞ്ഞാറിനെ പി.സി. കൈവിടുമോ?

Spread the love

കോട്ടയം: പൂഞ്ഞാർ എന്ന മണ്ഡലത്തിന്റെ പേരിനൊപ്പം പി.സി. ജോർജ് എന്ന പേര് അത്രമേല്‍ ഇഴചേർന്നു കിടക്കുന്നു. ചുക്കുചേരാത്ത കഷായമില്ലെന്ന് പറയുന്നതുപോലെ, പി.സി.
ഇല്ലാത്ത പൂഞ്ഞാർ രാഷ്ട്രീയത്തെക്കുറിച്ച്‌ ചിന്തിക്കുക പോലും പ്രയാസമാണ്. ഏത് മുന്നണിയിലായാലും അതിന്റെ അമരക്കാരെ വിമർശിക്കാനും എന്നിട്ടും വലിയ പോറലുകളില്ലാതെ മുന്നോട്ടുപോകാനും പി.സി.ക്ക് ലഭിച്ച രാഷ്ട്രീയ ഭാഗ്യം മറ്റാർക്കും അവകാശപ്പെടാനാവില്ല.

video
play-sharp-fill

“പി.സി.ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ” എന്ന് സാക്ഷാല്‍ കെ.എം. മാണി തന്നെ ഒരിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. മാണിയെയും ഉമ്മൻചാണ്ടിയെയും ഒരുപോലെ വിമർശിക്കുമ്പോഴും അവർ ഇരുവരും ആ വാക്കുകളെ ഒരു ചിരിയോടെ തള്ളിക്കളയുകയായിരുന്നു പതിവ്.

രാഷ്ട്രീയ കളരിയില്‍ സ്വന്തമായൊരു പാത വെട്ടിത്തെളിച്ച പി.സി. ജോർജ് ഇക്കുറി മത്സരരംഗത്ത് ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ബി.ജെ.പി നേതൃത്വം എന്ത് പറയുന്നോ അത് താൻ അനുസരിക്കുമെന്നും, പറഞ്ഞാല്‍ മത്സരിക്കാനും ജയിക്കാനും താൻ തയ്യാറാണെന്നുമാണ് അദ്ദേഹം ഉറപ്പിച്ചു പറയുന്നത്. എന്നാല്‍ അതിനുള്ള സാധ്യതകള്‍ കുറവാണെന്ന് അദ്ദേഹം തന്നെ വിലയിരുത്തുന്നുണ്ട്. മകനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷോണ്‍ ജോർജ് പാലായില്‍ മത്സരിക്കാൻ സാധ്യതയുള്ളതിനാല്‍ പൂഞ്ഞാറില്‍ ഇക്കുറി മറ്റൊരു നേതാവ് വരാനാണ് കൂടുതല്‍ സാധ്യതയെന്നാണ് അദ്ദേഹം കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1980 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍, 1991-ല്‍ മാത്രമാണ് പി.സി. ഇല്ലാതെ പൂഞ്ഞാറില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകളിലൂടെയുള്ള സഞ്ചാരത്തിന് ശേഷം സ്വന്തമായി ‘ജനപക്ഷം’ രൂപീകരിച്ചപ്പോഴും പൂഞ്ഞാർ അദ്ദേഹത്തെ നെഞ്ചിലേറ്റി. കോട്ടയം ജില്ലയില്‍ ഉമ്മൻചാണ്ടിയും കെ.എം. മാണിയും കഴിഞ്ഞാല്‍ ഒരു മണ്ഡലം കേന്ദ്രീകരിച്ച്‌ ഇത്രയേറെ സ്വാധീനമുള്ള മറ്റൊരു നേതാവില്ല.

ഇന്ന് ബി.ജെ.പി ദേശീയ സമിതി അംഗമായ അദ്ദേഹം തന്റെ പഴയ വെട്ടിത്തുറന്ന ശൈലിയില്‍ നിന്ന് അല്പം മാറി മിതത്വത്തിന്റെ പാതയിലാണ്. എങ്കിലും പ്രസംഗത്തിലൂടെ ആളുകളെ കൈയിലെടുക്കാനുള്ള ആ പഴയ കരുത്തിന് ഇന്നും മാറ്റമില്ല. അദ്ദേഹത്തെ തേടി ഉന്നതമായ ദേശീയ പദവികള്‍ വരുമെന്ന പ്രതീക്ഷയിലാണ് അനുയായികള്‍. താൻ പദവികള്‍ക്ക് പിന്നാലെയല്ലെന്നും യോജിച്ചു പോകാൻ കഴിയുന്നതിനാലാണ് ബി.ജെ.പിയില്‍ തുടരുന്നതെന്നും പൂഞ്ഞാറാശാൻ തന്റെ തനത് ശൈലിയില്‍ വ്യക്തമാക്കി കഴിഞ്ഞു.