
സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങിയിരിക്കുകയാണ്. അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചർ ഉള്‍പ്പെടെ എല്ലാ ആപ്പുകളിലും കൗമാരക്കാർ എഐ ക്യാരക്‌ടേഴ്‌സ് ഫീച്ചർ ഉപയോഗിക്കുന്നത് തടയുന്നതായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനനത്തീയതി പ്രകാരം കൗമാരം വ്യക്തമാക്കുന്ന ഉപയോക്താക്കള്‍ക്കും മുതിർന്നവരാണെന്ന് അവകാശപ്പെടുമ്പോഴും കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ കൗമാരക്കാരായി കണ്ടെത്തുന്നവര്‍ക്കും ഈ നിരോധനം ബാധകമാണ്.
എന്നാൽ നിരോധനം താല്‍ക്കാലികമാണെന്ന് മെറ്റ വ്യക്തമാക്കി. വ്യത്യസ്‍ത വ്യക്തിത്വങ്ങളുള്ള ചാറ്റ്ബോട്ടുകളാണ് എഐ ക്യാരക്‌ടേഴ്‌സ്. അതിനാൽ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ലഭിക്കും. കൗമാരക്കാർക്ക് മെറ്റയുടെ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അവർക്ക് ഇപ്പോഴും സ്റ്റാൻഡേർഡ് മെറ്റ എഐ അസിസ്റ്റന്‍റ് ഉപയോഗിക്കാൻ കഴിയും. പക്ഷേ അതില്‍ കർശനമായ പ്രായാധിഷ്‍ഠിത സുരക്ഷാ നടപടികള്‍ ഉണ്ടായിരിക്കും. മാത്രമല്ല എഐ ചാറ്റ്ബോട്ടുകളുമായി തങ്ങളുടെ കുട്ടികള്‍ എന്തൊക്കെ രീതിയിലാണ് ഇടപഴകുന്നതെന്ന് മാതാപിതാക്കള്‍ക്ക് കാണാൻ കഴിയുന്ന ഒരു അപ്‌ഡേറ്റ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മെറ്റ അറിയിച്ചു. ഈ അപ്‍ഡേഷൻ ഉടനടി ലോഞ്ച് ചെയ്യും. അതുവരെ കൗമാരക്കാർക്ക് മെറ്റ ആപ്പുകളില്‍ എഐ ക്യാരക്‌ടേഴ്‌സിനെ ഉപയോഗിക്കാൻ കഴിയില്ല. ഈ ഫീച്ചർ തിരിച്ചുവരുമ്പോള്‍ കുട്ടികളുടെ എഐ ഇടപെടലുകള്‍ നിരീക്ഷിക്കുന്നതിന് മാതാപിതാക്കള്‍ക്ക് മെച്ചപ്പെട്ട രക്ഷാകർതൃ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും എന്നും മെറ്റ അവരുടെ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.
ടിക് ടോക്കിനും യൂട്യൂബിനും ഒപ്പം മെറ്റയും ലോസ് ഏഞ്ചല്‍സില്‍ ഒരു പ്രധാന കേസ് നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം. ഈ കമ്പനികളുടെ ആപ്പുകള്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്. അതേസമയം മെറ്റ മാത്രമല്ല എതിരാളികളായ മറ്റ് കമ്പനികളും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 18 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചാറ്റ്ബോട്ടിനെ ക്യാരക്‌ടർ എഐ എന്ന കമ്പനി അടുത്തിടെ നിരോധിച്ചിരുന്നു. ഫ്ലോറിഡയിലെ ഒരു അമ്മ തന്‍റെ 14 വയസുള്ള മകന്‍റെ ആത്മഹത്യയില്‍ ചാറ്റ്ബോട്ടിനെതിരെ കേസ് നല്‍കിയതിനെ തുടർന്നായിരുന്നു ക്യാരക്‌ടർ എഐയുടെ ഈ നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


