
കോട്ടയം: ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലാ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എച്ച്‌ആർ മാനേജറായി ജോലി ചെയ്തിരുന്ന പൊൻകുന്നം സ്വദേശിയായ ബാബു തോമസാണ് പ്രതി.
ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആശുപത്രി മാനേജ്മെന്റിന് നൽകിയ പരാതിയെത്തുടർന്ന് ഇന്നലെയാണ് ചങ്ങനാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ പ്രതിയുടെ ഫോണിൽ നിന്ന് നിർണായക തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കന്യാസ്ത്രീകളടക്കമുള്ള വനിതാ ജീവനക്കാർക്ക് പ്രതി സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ കൂടുതൽ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അടുത്ത ദിവസങ്ങളിൽ കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


