
കൊച്ചി: കൊച്ചിയിൽ നടന്ന പാർട്ടിയുടെ മഹാപഞ്ചായത്തിൽ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ശശി തരൂരിനെ അനുനയിപ്പിക്കാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയത്തിൽ രാഹുൽ ഗാന്ധി ശശി തരൂരുമായി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം.
തരൂരിന്റെ പരാതികൾ കേൾക്കുകയും, മഹാപഞ്ചായത്തിൽ ഉണ്ടായത് മനപ്പൂർവമായ അവഗണനയല്ലെന്നും ഒരു തെറ്റിദ്ധാരണ മാത്രമാണെന്നുമാണ് രാഹുൽ ഗാന്ധി ബോധ്യപ്പെടുത്താൻ ശ്രമിക്കുക. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രശ്നപരിഹാര ശ്രമങ്ങൾ പുരോഗമിക്കുന്നത്.
മഹാപഞ്ചായത്തിൽ പ്രസംഗം ആരംഭിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന നേതാക്കളുടെ പേരുകൾ രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നുവെങ്കിലും ശശി തരൂരിന്റെ പേര് ഒഴിവായതാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇത് തരൂരിന്റെ അതൃപ്തിക്ക് കാരണമായി. പിന്നീട്, തന്റെ കൈവശമുണ്ടായിരുന്ന പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെട്ടിരുന്നില്ലെന്നും, അതിനാലാണ് പേര് പരാമർശിക്കാതിരുന്നതെന്നും, ഇത് മനപ്പൂർവമായ അവഗണനയല്ലെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു.

