ഇന്ദിരയ്ക്ക് ശേഷം സുഷമ: ഉരുക്കിൽ തീർത്ത വനിതാ കരുത്ത്: ബിജെപിയുടെ വനിതാ മുഖം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കണ്ടാൽ ആരെയും സന്തോഷിപ്പിക്കുന്ന പുഞ്ചിരി തൂകുന്ന മുഖം. പുഞ്ചിരിക്കുമ്പോൾ കൂടുതൽ പ്രകാശിക്കുന്ന മുഖത്ത് സൂര്യശോഭയിൽ ചുവന്ന വട്ടപൊട്ട്. ഒരിക്കലും ഉടയാത്ത സാരി. ഏതു പ്രതിസന്ധിയിലും ആർക്കും പേരെടുത്ത് വിളിച്ച് സഹായം ചോദിക്കാവുന്ന വ്യക്തിത്വം. മറഞ്ഞത് ബി ജെ പിയുടെ ആദ്യ വനിതാ മുഖം. ഒരു പറ്റം നേതാക്കളുടെ അമ്മ മുഖം. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജ്യം കണ്ട മികച്ച വനിതാ നേതാക്കളിൽ ഇതിൽ ഒന്നാം സ്ഥാനത്തായിരുന്നു സുഷമാ.
1970-കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണ് സുഷമാ സ്വരാജ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 1954 ഫെബ്രുവരി 14 ന് ഹരിയാനയിലെ അംബാലയിലാണ് സുഷമ ജനിച്ചത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്ത് സജീവമായ സുഷമാ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങളിൽ മുന്നണി പോരാളിയായി. നിയമ ബിരുദധാരിയായ സുഷമ 1977 ൽ ഹരിയാന നിയമസഭയിൽ അംഗമായി. ആ വർഷം തന്നെ മന്ത്രിസഭയിൽ എത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോർഡും സ്വന്തമാക്കി. 1980 ൽ ജനതാ പാർട്ടിയിലെ ജനസംഘം അനുകൂലികളായ ഒരു വിഭാഗം ബിജെപി രൂപീകരിച്ചപ്പോൾ മുതൽ സുഷമ പാർട്ടിയുടെ ഭാഗമായുണ്ട്.
പാർട്ടി ദേശീയ നേതൃത്വത്തിൽ സജീവമായ സൂക്ഷ്മ 1980 ൽ ആദ്യമായി രാജ്യസഭാംഗമായി. 1998 ൽ ഡൽഹിയുടെ ആദ്യവനിതാ മുഖ്യമന്ത്രിയായി സുഷമ ചരിത്രം സൃഷ്ടിച്ചു. ഹരിയാന ,’ ഉത്തരാഞ്ചൽ , മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നും രാജ്യസഭയിലെത്തിയ സുഷമ, വാജ്പേയ് മന്ത്രിസഭയിൽ വാർത്താവിനിമയ വിഭാഗം മന്ത്രിയായിരുന്നു. സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് രണ്ടു തവണ ലോക്സഭയിലെത്തിയ സുഷമ 2009ലും 2014 ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നാണ് ലോക്സഭയിലെത്തിയത്. ഹരിയാനയിലെ കർണാൽ മണ്ഡലത്തിൽ 80 ലും 89 ലും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്താദ്യമായി ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവായി എത്തുന്ന വനിതയും സുഷമ തന്നെയാണ്. സോഷ്യലിസ്റ്റ് നേതാവും മിസോറാം ഗവർണറും സുപ്രീംകോടതി അഭിഭാഷകനുമായ സ്വരാജ് കൗശൽ ആണ് സുഷമയുടെ ഭർത്താവ്. ഇരുവരും ഒരേസമയത്ത് രാജ്യസഭാംഗങ്ങൾ ആയിരുന്നിട്ടുമുണ്ട്. ബെൻസൂരിയാണ് മകൾ.