കോൺഗ്രസ് കേരളാ കോൺഗ്രസ് (ജോസഫ്) സീറ്റ് ചർച്ച നിർണായകം: ചങ്ങനാശേരിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത:കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്.

Spread the love

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള കോണ്‍ഗ്രസ് – കേരളകോണ്‍ഗ്രസ് (ജോസഫ്) ഉഭയകക്ഷി ചർച്ചയില്‍ തീപാറുമെന്ന് സൂചന.
കഴിഞ്ഞ തവണ മത്സരിച്ച മുഴുവൻ സീറ്റുകളില്‍ തന്നെ തങ്ങള്‍ മത്സരിക്കുമെന്നും വെച്ചു മാറ്റവും സീറ്റ് ഏറ്റെടുക്കലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാർട്ടി ചെയർമാൻ പി.ജെ ജോസഫ്.

video
play-sharp-fill

എന്നാല്‍ അങ്ങനെ ഏകപക്ഷീയമായി സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നിർണായക തിരഞ്ഞെടുപ്പായതിനാല്‍ തന്നെ സീറ്റുകളില്‍ വിജയമാണ് പ്രധാനമെന്നും കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നു.
2021ല്‍ തൊടുപുഴ, കോതമംഗലം, തൃക്കരിപ്പൂർ, തിരുവല്ല, ചങ്ങനാശേരി, ഇടുക്കി, ഏറ്റുമാനൂർ, കടുത്തുരുത്തി, കുട്ടനാട്, ഇരിങ്ങാലക്കുട എന്നീ പത്ത് സീറ്റുകളിലാണ് കേരളകോണ്‍ഗ്രസ് ജോസഫ് മത്സരിച്ചത്. എന്നാല്‍ തൊടുപുഴ, കടുത്തുരുത്തി എന്നീ രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
നിലവില്‍ ഏറ്റുമാനൂർ, കുട്ടനാട്, ചങ്ങനാശേരി, തൃക്കരിപ്പൂർ, ഇരിങ്ങാലക്കുട സീറ്റുകളിലാണ് കോണ്‍ഗ്രസിന് കണ്ണുള്ളത്.

ഇതിന് പുറമേ തിരുവല്ല സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമുയർത്തി തിരുവല്ല, മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇതേ ആവശ്യമുന്നയിച്ച്‌ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാൻ 27ന് മുതിർന്ന നേതാവ് പി.ജെ കുര്യൻ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയേക്കും.
തിരുവല്ലയില്‍ കഴിഞ്ഞ കുറെ തവണകളായി യു.ഡി.എഫ് തോല്‍ക്കുന്ന അവസ്ഥയുണ്ടെന്നും അതിന് പിന്നില്‍ കേരള കോണ്‍ഗ്രസിലെ പടലപിണക്കമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2006 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ മാറിമാറി മത്സരിച്ചിട്ടും വിജയിക്കാനായില്ല. അതുകൊണ്ട് തന്നെ ഇക്കുറി സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്നാണ് ആവശ്യമുയർത്തിയിരിക്കുന്നത്.
കേരളകോണ്‍ഗ്രസിന് കോട്ടയം പാർലമെന്റ് സീറ്റ് നല്‍കിയപ്പോള്‍ രണ്ട് സീറ്റുകള്‍ കോണ്‍രഗസ് ഏറ്റെടുക്കുമെന്ന ധാരണയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. തൃക്കരിപ്പൂരും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. കുട്ടനാട്, ഇരിങ്ങാലക്കുട, തിരുവല്ല സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതകള്‍ തെളിഞ്ഞേക്കാം.

കോട്ടയം ജില്ലയിലെ ചില സീറ്റുകളില്‍ കേരളകോണ്‍ഗ്രസ് കണ്ണുവെയ്ക്കുന്നുണ്ട്. ഒരു കാരണവശാലും ചങ്ങനാശേരിയും തിരുവല്ലയും വിട്ട് നല്‍കില്ലെന്നാണ് കേരളകോണ്‍ഗ്രസ് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഉഭയകക്ഷി ചർച്ചകളില്‍ കാര്യകാരണസഹിതം കോണ്‍ഗ്രസ് വിശദീകരണം നല്‍കിയാല്‍ കേരളകോണ്‍ഗ്രസിന് ഇത് അംഗീകരിക്കേണ്ടി വരും. പല സീറ്റുകളിലും മത്സരിക്കാൻ കൃത്യമായ സ്ഥാനാർത്ഥികളില്ല എന്നതും കേരളകോണ്ഗ്രസിനെ വലയ്ക്കുന്നുണ്ട്.
പ്രവർത്തിക്കാനും മത്സരിക്കാനും ആളും പേരുമില്ലാത്ത പാർട്ടിക്ക് എന്തിനാണ് ത്യാഗം സഹിച്ച്‌ സീറ്റുകള്‍ വിട്ട് നല്‍കുന്നതെന്ന് കോണ്‍ഗ്രസില്‍ വാദമുയരുന്നുണ്ട്.