
കണ്ണൂർ: ടി ഐ മധുസൂദനൻ എംഎൽഎ രക്തസാക്ഷി ഫണ്ട് കട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ. ഒറ്റുകാരനെ നാട് തിരിച്ചറിയുമെന്ന് പോസ്റ്ററിൽ പറയുന്നു.
അതിനിടെ, ജില്ലാകമ്മിറ്റി അംഗത്തെ തള്ളി പാർട്ടിയും രംഗത്തെത്തി. ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കയ്യായി കുഞ്ഞികൃഷ്ണൻ മാറിയെന്നും കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ തുറന്നു പറച്ചിൽ.
അതേസമയം, പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയിൽ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും യോഗം. പാർട്ടിയെ പ്രതിരോധത്തിലാക്കിയ പരസ്യപ്രസ്താവനയിൽ ജില്ല കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.
പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ നടത്തിയത്.
ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്.



