
ചങ്ങനാശേരി: തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് മാടപ്പള്ളി, വാഴൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിൽ എബിസി പദ്ധതി നടപ്പാക്കാൻ നടപടികളാരംഭിച്ചു.
ഈ ബ്ലോക്ക് പഞ്ചായത്തുകളിലെ വാകത്താനം, വാഴൂർ, തലയോലപ്പറമ്പ് വെറ്ററിനറി ആശുപത്രികൾ കേന്ദ്രീകരിച്ചാണ് എബിസി സെന്റർ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ സെന്ററിനും 1.15 കോടി രൂപ വീതമുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.
തെരുവുനായ്ക്കളെ എത്തിച്ച് ശസ്ത്രക്രിയ നടത്തുന്നതിനുള്ള തിയറ്ററും അനുബന്ധ സൗകര്യങ്ങളും സര്ജറിക്കുശേഷം അഞ്ചുദിവസം നിരീക്ഷണത്തിൽ വെച്ച് പേവിഷബാധ പ്രതിരോധ കുത്തിവയ്പെടുത്തു തിരികെ കൊണ്ടുവിടത്തക്കവിധം അമ്പതു വീതം കൂടുകളുമാണ് ഓരോ സെന്ററിലും ഒരുക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തിനായി റവന്യു, പഞ്ചായത്ത് ഭൂമികൾ ലഭിക്കാത്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്വന്തം സ്ഥലത്താണ് പദ്ധതി ഒരുക്കുന്നത്.
കൂടാതെ, കോട്ടയം മാഞ്ഞൂരിൽ 28 ലക്ഷം രൂപ വിനിയോഗിച്ച് പോർട്ടബിൾ എബിസി സംവിധാനവും സജ്ജമാക്കും. ഓപ്പറേഷന് തിയറ്റർ, നൂറു നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഈ സംവിധാനത്തിലുണ്ടാകും. ഈ പോർട്ടബിൾ എബിസി സംവിധാനം മറ്റു പഞ്ചായത്തുകള്ക്കും പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും.



