
കോട്ടയം: എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച പെരുന്നയിലെ എൻഎസ്‌എസ് ആസ്ഥാനത്ത് സന്ദർശനം നടത്തും. സന്ദർശനവുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയും എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമിടയിൽ ഫോൺ സംഭാഷണം നടന്നു.
സമുദായ ഐക്യത്തെ അനുകൂലിച്ച് എസ്.എൻ.ഡി.പി. യോഗം വിശാല കൗൺസിൽ പച്ചക്കൊടി കാട്ടിയതിന് പിന്നാലെ ചർച്ചകൾ കൂടുതൽ സജീവമായിരിക്കുകയാണ്. ഇന്ന് തന്നെ പെരുന്നയിലെത്തി സുകുമാരൻ നായരെ കാണണമെന്നായിരുന്നു എസ്.എൻ.ഡി.പി. യോഗത്തിന്റെ നിർദേശം. എന്നാൽ തിരുവനന്തപുരത്ത് നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ തുഷാർ വെള്ളാപ്പള്ളി ഇന്ന് പെരുന്നയിലെത്താനായില്ല.
നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞതിന് ശേഷം തുഷാർ വെള്ളാപ്പള്ളി പെരുന്നയിലെത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്നലെ രാത്രിയിലാണ് പെരുന്നയിലേക്ക് എത്തുന്ന കാര്യം അറിയിച്ച് തുഷാർ സുകുമാരൻ നായരെ ഫോൺ വഴി ബന്ധപ്പെടുന്നത്. തുഷാറിന്റെ സന്ദർശനത്തെ സുകുമാരൻ നായർ സ്വാഗതം ചെയ്തതോടൊപ്പം, എൻഎസ്‌എസ് ഡയറക്ടർ ബോർഡ് അംഗങ്ങളെ സന്ദർശന വിവരം അറിയിച്ചതായും റിപ്പോർട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


