
വൈക്കം: യാത്രക്കാരുടെ ജീവന് ഭീഷണിയായിനിന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയിലെ അടർന്നുവീഴാറായ ഭാഗം നന്നാകും. തിരുവിതാംകൂര്‍ മഹാരാജാവിന്റ ഭരണകാലത്ത് നിര്‍മിച്ചതാണ് ക്ഷേത്രത്തിലെ പത്തായപ്പുര.
കുംഭാഷ്ടമി നാളില്‍ വൈക്കത്തപ്പനും പുത്രനായ ഉദയനാപുരത്തപ്പനും എഴുന്നള്ളുമ്പോള്‍ ഭക്തര്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്ന നിറപറയുടെ നെല്ലുകള്‍ സൂക്ഷിക്കുന്നത് പത്തായപ്പുരയിലായിരുന്നു. പത്തായപ്പുരയുടെ കഴുക്കോലുകളും പട്ടികകളും ഒടിഞ്ഞു ഓടുകള്‍ നിലത്തുവീഴാന്‍ തുടങ്ങിയിട്ട് നാളേറെയായി.
ക്ഷേത്രമതിലിനോട് ചേര്‍ന്ന പത്തായപ്പുരയുടെ സമീപത്താണ് നഗരത്തിലെതിരക്കേറിയ തെക്കേനട-പടിഞ്ഞാറെനട റോഡ് കടന്നുപോകുന്നത്. ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വരുമ്പോള്‍ സൈഡ് കൊടുക്കുന്ന വലിയ വാഹനങ്ങളുടെ മുകള്‍ ഭാഗം തട്ടിയാണ് മേല്‍ക്കുരക്ക് കേടുപാടുകള്‍ ഉണ്ടായത്. തൂങ്ങി നില്ക്കുന്ന കഴുക്കോലുകളും പട്ടികകളും ഓടുകളും ഏതു നിമിഷവും വീഴാവുന്ന രീതിയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഭാഗത്തെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ അഷ്ടമിക്ക് മുന്‍പായി ദേവസ്വം അധികാരികളെ വിവരം അറിയിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ല.
ദളവാക്കുളം ബസ് സ്റ്റാന്റ് വഴി വരുന്ന കോട്ടയം, എറണാകുളം ഭാഗങ്ങളില്‍നിന്നും വരുന്ന കെ.എസ്.ആര്.ടി.സി-സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ആലപ്പുഴ, ചേര്‍ത്തല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളും പലപ്പോഴും ഈ ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉയരുന്നു.
മേല്ക്കുരയിലെ ഇളകിയ ഭാഗം മാറ്റി തടി കൊണ്ട് കഴുക്കോലും പട്ടികയും വെച്ച് ഓട് പാകുന്ന രീതിയാണ് നടന്നുവരുന്നത്. വലിയ വാഹനങ്ങള്‍ കടന്നുവരുമ്പോള്‍ മേല്‍ക്കുരയില്‍ തട്ടി വീണ്ടും കേടുപാടുകള്‍ ഉണ്ടാകുവാനുള്ള സാധ്യത കാണുന്നതിനാല്‍ മുന്‍കരുതലോടെ വേണം പണി പൂര്ത്തിയാക്കുവാനെന്ന നിര്‍ദേശവുമുണ്ട്.



