‘ക്രമസമാധാനപാലനത്തിന് പരിഹാരം’; കോട്ടയം കല്ലറയിൽ പുതിയ പോലീസ് സ്റ്റേഷൻ; ഉദ്ഘാടനം ജനുവരി 24-ന് മുഖ്യമന്ത്രി പിണറായി വിജൻ ഓൺലൈൻ വഴി നിർവഹിക്കും

Spread the love

കടുത്തുരുത്തി: കല്ലറയിൽ പുതിയ പോലീസ് സ്റ്റേഷൻ വരുന്നു. പുതിയ കല്ലറ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ജനുവരി 24-ന് രാവിലെ 11-ന് നടക്കും.  മുഖ്യമന്ത്രി പിണറായി വിജൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മന്ത്രി വി.എൻ.വാസവൻ, സി.കെ. ആശ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും

video
play-sharp-fill

പുതിയ പോലീസ് സ്റ്റേഷൻ വരുന്നതോടെ കല്ലറയിലെയും വെച്ചൂരിലെയും ക്രമസമാധാനപാലനത്തിന്  പരിഹാരമാകുകയാണ്.

കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയ്ക്കുസമീപം ചന്തപ്പറമ്പിൽ 3,750 ചതുരശ്രയടി വിസ്‌തൃതിയിൽ മൂന്ന് നിലകളിലായിട്ടാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് സ്റ്റേഷനായി 30 സെന്റ് സ്ഥലവും 2,250 ചതുരശ്രയടിയുള്ള രണ്ടുനില കെട്ടിടവും കല്ലറ പഞ്ചായത്ത് ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയിരുന്നു. കല്ലറ പഞ്ചായത്തിന്റെ 2019-2020 പ്ലാൻ ഫണ്ടിൽനിന്നുള്ള 33.66 ലക്ഷംരൂപ വിനിയോഗിച്ചാണ് രണ്ടുനില കെട്ടിടം നിർമിച്ചത്.

ഒരു നിലയും പോർച്ച് അടക്കമുള്ള സൗകര്യങ്ങളുമായി 1,500 ചതുരശ്രയടി കൂട്ടിച്ചേർത്ത് സൗകര്യങ്ങൾ പിന്നീട് വിപുലീകരിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഇൻസ്‌പെക്ടർ എന്നിവരുടെ മുറികൾ, ഓഫീസ് മുറികൾ, വിശ്രമമുറി, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുള്ള മുറി, ശൗചാലയങ്ങൾ എന്നിവയടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

കെട്ടിടം വിപുലീകരിക്കുന്നതിനും സ്റ്റേഷനിലെ സൗകര്യങ്ങൾ ഒരുക്കുന്നതിനും സി.കെ. ആശ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 36.50 ലക്ഷംരൂപയാണ് അനുവദിച്ചത്.

പോലീസ് സ്റ്റേഷനായുള്ള കെട്ടിടത്തിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽവന്ന കാലതാമസമാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുന്നത് വൈകാനിടയാക്കിയത്. പുതിയ എസ്എച്ച്ഒമാരുടെ പുനർനിയമന ലിസ്റ്റിൽ മറ്റു സ്റ്റേഷനുകൾക്കൊപ്പം ഇവിടേക്ക് എസ്എച്ച്ഒയെയും ആഭ്യന്തരവകുപ്പ് നിയമിച്ചിരുന്നു.

പോലീസ് സ്റ്റേഷൻ നിലവിൽ പ്രവർത്തനം ആരംഭിച്ചില്ലെന്ന് മനസ്സിലാക്കിയ വകുപ്പ് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഉത്തരവ് തിരുത്തുകയായിരുന്നു. ഇവിടെ നിയമിച്ച ഉദ്യോഗസ്ഥനെ പുനർവിന്യസിച്ച സംഭവവും ഉണ്ടായിരുന്നു.

വൈക്കം പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള വെച്ചൂർ, കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള കല്ലറ പ്രദേശങ്ങളിൽ ക്രമസമാധാനപ്രശ്നങ്ങളും കുറ്റകൃത്യങ്ങളും നടക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

വെച്ചൂർ അഞ്ചുമന പാലത്തിനുസമീപം ഔട്ട് പോസ്റ്റ് ഉണ്ടെങ്കിലും ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥർമാത്രമേ ഇവിടെ ഉണ്ടാകുകയുള്ളൂ. കല്ലറയിൽ പോലീസ് സ്റ്റേഷൻ തുടങ്ങുന്നതോടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകും.