play-sharp-fill
ആയിരത്തിൽ താഴെ ഭൂരിപക്ഷമുള്ള ബാങ്ക് തിരഞ്ഞെടുപ്പിൽ അസാധു വോട്ട് 1300..! പനച്ചിക്കാട്ട് ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തന്ത്രത്തിൽ നഷ്ടമായത് യുഡിഎഫ് കോട്ടയിലെ വോട്ട; പ്രതിഷേധവുമായി കോൺഗ്രസ്

ആയിരത്തിൽ താഴെ ഭൂരിപക്ഷമുള്ള ബാങ്ക് തിരഞ്ഞെടുപ്പിൽ അസാധു വോട്ട് 1300..! പനച്ചിക്കാട്ട് ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തന്ത്രത്തിൽ നഷ്ടമായത് യുഡിഎഫ് കോട്ടയിലെ വോട്ട; പ്രതിഷേധവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ

കോട്ടയം: പനച്ചിക്കാട് സർവീസ് സഹകരണ ബാങ്കിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ  വിജയിച്ച സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ട് അസാധുവായി…! സ്ഥാനാർഥികളിൽ പലർക്കും 800 ഉം 900 വും വോട്ട് നേടിയപ്പോൾ, 1300 വോട്ടാണ് അസാധുവായത്. യുഡിഎഫിന്റെ സ്‌ളിപ്പുകൾ മാറ്റി എൽഡിഎഫ് സ്ലീപ്പ് നൽകിയതോടെയാണ് വോട്ടുകൾ കൂട്ടത്തോടെ അസാധുവായതെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ ആരോപണം. ഇതിനിടെ ബല പ്രയോഗം നടത്താൻ ഇടതു മുന്നണി പ്രവർത്തകർ ശ്രമിച്ചതായും കോൺഗ്രസ് ആരോപണം ഉന്നയിക്കുന്നു.
17200 വോട്ടർമാരാണ് ബാങ്കിൽ ആകെയുണ്ടായിരുന്നത്. ഇതിൽ 6536 വോട്ടാണ് പോൾ ചെയ്തത്. ജനറൽ വിഭാഗത്തിലെ എട്ടു സീറ്റിലേയ്ക്ക് 20 സ്ഥാനാർത്ഥികളും, വനിതാ വിഭാഗത്തിലെ മൂന്ന് സീറ്റിലേയ്ക്ക് ഏഴു സ്ഥാനാർത്ഥികളും, പട്ടികജാതി വിഭാഗത്തിലെ ഒരു സീറ്റിലേയ്ക്ക് രണ്ടു സ്ഥാനാർത്ഥികളുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.
33 വർഷമായി എൽഡിഎഫ് മത്സരിച്ചു വിജയിച്ച് ഭരണം നിലനിർത്തുന്ന ബാങ്കിൽ ഇക്കുറിയും ഫലത്തിന് മാറ്റമുണ്ടായിരുന്നില്ല. എൽഡിഎഫ് തന്നെയാണ് ഇക്കുറിയും സീറ്റ് നില നിർത്തിയത്. എൽഡിഎഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥികളായ പി.കെ മോഹനൻ, കെ.ജെ അനിൽകുമാർ, ടി.ഐ കൊച്ചുമോൻ, ജി.ജയകുമാർ, പുന്നൂസ് തോമസ്, മാത്യു വർഗീസ്, പി.കെ രാജശേഖരൻ നായർ, ബിൻസുരാജ് (ജനറൽ), ബിബിത സന്തോഷ്, സന്ധ്യ സന്തോഷ്, സോണി സണ്ണി (വനിത), ശരത് ദേവകുമാർ (പട്ടികജാതി സംവരണം) എന്നിവർ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിക്ഷേപ വിഭാഗത്തിൽ ടി.കെ ഗോപാലകൃഷ്ണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
എൽഡിഎഫിന് 3000 വോട്ടും, യുഡിഎഫിന് 1900 വോട്ടും, ബിജെപിയ്ക്ക് 400 വോട്ടുമാണ് ലഭിച്ചത്. 5300 വോട്ടുകൾ സാധുവായപ്പോൾ 1300 വോട്ടുകൾ അസാധുവാകുകയും ചെയ്തിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോളിംങ് സ്‌റ്റേഷനിൽ പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു. ആകെ പോൾ ചെയ്തതിന്റെ പകുതി വോട്ട് പോലും വോട്ടിങിൽ ഏറ്റവും മുകളിൽ എത്തിയ സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചില്ല. ഇത് അടക്കമുള്ള ആരോപണങ്ങളാണ് ഇപ്പോൾ യുഡിഎഫും കോൺഗ്രസും ഉയർത്തുന്നത്.
കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വോട്ടർമാരിൽ നിന്നും തന്ത്രപൂർവം സ്ലിപ്പ് വാങ്ങിയ ശേഷം തങ്ങളുടെ സ്ലിപ്പ് നൽകുകയാണ് ഇടതു മുന്നണി ചെയ്തത്. ഇതേ തുടർന്നാണ് വോട്ടുകൾ കൂട്ടത്തോടെ അസാധുവായതെന്നാണ് ആരോപണം ഉയരുന്നത്. സ്ലിപ്പുകൾ വാങ്ങിയെടുത്ത ശേഷം തന്ത്രപൂർവം വോട്ടുകൾ അസാധുവാക്കിയ ഇടതു മുന്നണിയുടെ നീക്കത്തിൽ ഡി.സി.സി സെക്രട്ടറി ജോണി ജോസഫ് പ്രതിഷേധിച്ചു. ഇത്തരത്തിൽ വോട്ടുകൾ അസാധുവാക്കുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഇത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.